പോക്സോ കോടതിയിലെ തീപിടുത്തം; അട്ടിമറി സാധ്യത പരിശോധിക്കുന്നു
text_fieldsകാട്ടാക്കട: കാട്ടാക്കട അതിവേഗ പോക്സോ കോടതിയുടെ റെക്കോർഡ് മുറിയിൽ ദുരൂഹസാഹചര്യത്തിൽ തീ പിടിത്തമുണ്ടായതിൽ പൊലീസ് അന്വേഷണം തുടങ്ങി. അട്ടിമറി സാധ്യതയുണ്ടോ എന്നതടക്കമാണ് പൊലീസ് പരിശോധിക്കുന്നത്. ബസ് ഡിപ്പോക്ക് എതിര്‍ഭാഗത്തുള്ള കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കോടതിയുടെ രേഖകളും തൊണ്ടി മുതലുകളും സൂക്ഷിക്കുന്ന മുറിയിലാണ് തിങ്കളാഴ്ച രാത്രിയിൽ തീ പടർന്നത്. ഫയർഫോഴ്സ് തീ കെടുത്തിയെങ്കിലും രേഖകളിൽ ചിലത് നശിച്ചതായി വ്യക്തമായി.
ഇത് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾക്കായി ചൊവ്വാഴ്ച റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ സ്ഥലം സന്ദർശിച്ചു. വിരലടയാള വിദഗ്ധർ, ഫോറൻസിക്, ഡോഗ് സ്ക്വാഡ് എന്നിവർ തെളിവെടുത്തു. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണോ തീ പിടിക്കാൻ കാരണമായത് എന്നറിയാൻ ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.
പരിശോധനാ ഫലങ്ങൾ കൂടി എത്തിയാലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ എന്ന് റൂറൽ എസ്.പി പറഞ്ഞു. കാട്ടാക്കട ഡിവൈ.എസ്.പി റാഫിക്കാണ് അന്വേഷണ ചുമതല. ജീവനക്കാരുടെ മൊഴിയെടുത്ത പൊലീസ് കോടതി പരിസരത്തെ കെട്ടിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. അതേസമയം ചൊവ്വാഴ്ച കോടതി പതിവുപോലെ പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

