ചെറുന്നിയൂരില്‍ കുന്നിടിച്ച് വ്യാപക മണ്ണുകടത്ത്
text_fieldsവർക്കല: ചെറുന്നിയൂരില്‍ കുന്നിടിച്ച് മണ്ണു കടത്തൽ വ്യാപകമെന്ന് പരാതി. കുന്നിടിക്കുന്നതും മണ്ണ് നീക്കുന്നതും അനുമതിയോടെയെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാലിത് അനധികൃതമെന്നാണ് നാട്ടുകാരുടെ ആരോപണം. ചെറുന്നിയൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് കുന്നിടിക്കുന്നതും വ്യാപകമായി മണ്ണ് കടത്തുന്നതും. വെള്ളിയാഴ്ചക്കാവ്, ചെറുന്നിയൂര്‍-താന്നിമൂട് റോഡ് എന്നിവിടങ്ങളിലാണ് ഏറെ നാളായി കുന്നിടിക്കൽ തുടരുന്നത്. ജിയോളജി വകുപ്പിന്റെ അനുമതിയോടെയും അവർ നൽകിയ പാസിന്റെയും മറവില്‍ ദിനംപ്രതി നിരവധി ലോഡ് മണ്ണാണ് വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതും വിൽക്കുന്നതും.
വെള്ളിയാഴ്ചക്കാവിന് സമീപമാണ് നിലവില്‍ വ്യാപകമായി കുന്നിടിക്കുന്നത്. കുന്നിടിച്ച് നിരത്തുന്നതില്‍ സമീപവാസികള്‍ക്ക് ആശങ്കയുമുണ്ട്. ഇവിടെ വീട് നിര്‍മാണത്തിനായി ഭൂമിയുടെ ഉടമസ്ഥൻ നിയമാനുസരണം അധികൃതരുടെ അനുമതിയോടെയാണ് കുന്നിടിക്കുന്നതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ അനധികൃതമായാണ് കൂറ്റൻ കുന്നുകൾ ഇടിക്കുന്നതെന്നാണ് നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നത്. ചെറുന്നിയൂര്‍- താന്നിമൂട് റോഡിന്റെ പരിസരങ്ങളിലായി വിവിധ ഭാഗങ്ങളിൽ കുന്നുകൾ ഇടിച്ചു കഴിഞ്ഞിട്ടുണ്ട്. ഇവിടെ നിന്നെല്ലാം നൂറുകണക്കിന് ലോഡ് മണ്ണാണ് ഇതിനകം നീക്കം ചെയ്തതെന്ന് പ്രദേശവാസികള്‍ പറയുന്നു. മണ്ണുമായിപായുന്ന ടിപ്പറുകള്‍ ഈ റോഡിലെ സ്ഥിരം കാഴ്ചയായിട്ടുമുണ്ട്.
കനത്ത മഴയുണ്ടായാല്‍ മണ്ണെടുത്തതിന് സമീപപ്രദേശത്ത് മണ്ണൊലിപ്പിനും അതുവഴി വലിയ അപകടങ്ങൾക്കും സാധ്യതയുണ്ട്. ഈ ഭാഗത്തുള്ള വീടുകളുടെ സുരക്ഷയെയും കുന്നിടിച്ചിൽ മൂലം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നാട്ടുകാർ പങ്കുവെക്കുന്നു. വെള്ളിയാഴ്ചക്കാവിലെ കുന്നിടിക്കൽ സംബന്ധിച്ച് നാട്ടുകാരിൽ ആശങ്കകളും പരാതികളും ഉയർന്ന സാഹചര്യത്തിൽ അന്വേഷണം വേണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി എം. ജോസഫ് പെരേര ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

