പേപ്പാറ ഡാമിന്റെ സംഭരണശേഷി ഉയർത്തൽ ശ്രമം ഊർജിതം; കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയായില്ല
text_fieldsതിരുവനന്തപുരം: പേപ്പാറ ഡാമിന്റെ സംഭരണശേഷി വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ജലവിഭവ വകുപ്പ്. തിരുവനന്തപുരം നഗരത്തിൽ കൂടുതൽ കുടിവെള്ളം എത്തിക്കാനും വേനൽകാലത്തെ ജലദൗർലഭ്യം നേരിടാനും ഡാമിന്റെ ഉയരം കൂട്ടൽ അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. നിലവിൽ 107.5 മീറ്ററാണ് ഡാമിന്റെ അനുവദനീയ സംഭരണ ശേഷി. ഇത് 110.5 മീറ്ററിലേക്ക് ഉയർത്താനാണ് ശ്രമം. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.
ജലവിഭവ വകുപ്പ് പരിവേഷ് പോർട്ടലിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ കേന്ദ്രം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശം പൂർണമായി സർവേ ചെയ്തതിന്റെ വിശദാംശങ്ങളും ഡാം ഉയരം കൂട്ടിയാൽ വെള്ളത്തിൽ മുങ്ങാനിടയുള്ള മേഖലയുടെ സ്കെച്ചുമടക്കം തയാറാക്കി. എന്നാൽ പരിവേശ് പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം പുതുക്കിയ അപേക്ഷ സമർപ്പിക്കാനായിട്ടില്ല. ഇത് സമർപ്പിക്കുന്നതിനൊപ്പം വനംവകുപ്പുമായി ആവശ്യമായ ചർച്ചകൾ നടത്തി പ്രശ്നപരിഹാരത്തിനുള്ള ശ്രമവും ജലവിഭവ വകുപ്പ് നടത്തുന്നുണ്ട്.
സംഭരണ ശേഷി കൂട്ടിയാൽ പേപ്പാറ വന്യജീവി സങ്കേതത്തിലെ 585 ഹെക്ടർ വനമേഖല വെള്ളത്തിനടിയിലാകുമെന്ന ആശങ്ക വനം വകുപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ വനംവകുപ്പ് ഇതുവരെ എതിർപ്പ് അറിയിച്ചിട്ടില്ലെന്നാണ് ജലവിഭവ വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം സെറ്റിൽമെന്റ് പ്രദേശങ്ങളിലേക്ക് വെള്ളം കയറുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ വനംവകുപ്പ് ആവശ്യപ്പെട്ടുവെന്നും ഇത് നൽകിയെന്നും ജലവിഭവ വകുപ്പ് വിശദീകരിക്കുന്നു. ഡാമിനു താഴെ കെ.എസ്.ഇ.ബിയുടെ ചെറുകിട ജലസേചന പദ്ധതി പ്രവർത്തിപ്പിക്കുന്നുണ്ട്. ഡാമിന്റെ സംഭരണ ശേഷി വർധിപ്പിക്കുന്നതിലൂടെ 17.4 മില്യൺ ക്യുബിക് മീറ്റർ അധിക ജലം സംഭരിക്കാനാവും. ഇത് തലസ്ഥാനത്തെ ജലവിതരണ മേഖലയിൽ വലിയ ആശ്വാസമാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

