ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാനുളള ശ്രമം പുരോഗമിക്കുന്നു
text_fieldsവലിയതുറ: എയര്‍ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റിയ എഫ് 35 ബി ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനുളള ശ്രമം പുരോഗമിക്കുന്നു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാര്‍ ഏറെക്കുറെ കണ്ടുപിടിച്ചതായാണ് സൂചന. ഞായറാഴ്ച ഉച്ചയോടെ ബ്രിട്ടനില്‍നിന്നും എത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം തകരാര്‍ പരിഹരിച്ച് വിമാനത്തെ പറത്തികൊണ്ടുപോകാന് കഴിയുമെന്ന വിശ്വാസത്തിലാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.
വിമാനത്തിന്റെ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി ലോക്ക്ഹീഡ് മാര്‍ട്ടിന്റെയും ബ്രിട്ടീഷ് സേനയുടെയും എന്‍ജിനീയര്‍മാരാണ് വിദഗ്ധ സംഘത്തില്‍ ഉള്ളത്. നഗരത്തിലെ സ്വകാര്യ ഹോട്ടലുകളിലാണ് ഇവര്‍ താമസിക്കുന്നത്. വിമാനത്തെ ഹാംഗറിലേക്ക് മാറ്റിയെങ്കിലും സി.ഐ.എസ്.എഫിന്റെ നേതൃത്വത്തിലുളള ശക്തമായ സുരക്ഷ തുടരുകയാണ്.
എയര്‍ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റിയ എഫ് 35 ബി യുദ്ധ വിമാനത്തിന്റെ അറ്റകുറ്റപ്പണി അതീവ സുരക്ഷ സംവിധാനത്തിലാണ് നടക്കുന്നത്. ചാക്കയിലെ രണ്ടാം നമ്പര്‍ ഹാംഗറിനുളളില് ശീതീകരണ സംവിധാനം സജ്ജമാക്കിയ ശേഷം അറ്റകുറ്റപ്പണി നടത്തുന്ന ഭാഗം മുഴുവന്‍ മറച്ചാണ് തകരാര്‍ പരിഹരിക്കുന്നത്. ഹാംഗറിലേക്ക് മാറ്റിയ വിമാനം ബ്രിട്ടീഷ് സംഘത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്.
യുദ്ധവിമാനം വിമാനത്താവളത്തില്‍ നിര്‍ത്തിയിടുന്നതിന്റെ യൂസര്‍ ഫീ അദാനി കമ്പനി ബ്രിട്ടീഷ് അധികൃതരില്‍ നിന്നും ഈടാക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്. വിമാനത്തിന്റെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ 10,000 രൂപ മുതല്‍ 20,000 രൂപ വരെയായിരിക്കും പ്രതിദിന വാടക ഈടാക്കുക. കൂടാതെ വിമാനം ലാന്‍ഡ് ചെയ്യാന്‍ രണ്ട് ലക്ഷം രൂപവരെയാണ് എയര്പോര്ട്ടിന നല്‍കേണ്ടത്. എഫ് 35 ബി യുദ്ധ വിമാനത്തിന് പുറമെ കഴിഞ്ഞദിവസം വിദഗ്ധ സംഘവുമായി ബ്രിട്ടനില്‍ നിന്നും എത്തിയ എയര്‍ബസ് എ 400 എം അറ്റ്ലസ് വിമാനത്തിനും ലാന്‍ഡിങ് ചാര്‍ജ് നല്‍കേണ്ടി വരും.
ജൂണ്‍ 14 ന് രാത്രി 9.30 ഓടെയാണ് എഫ് 35 ബി ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ധനം കുറവായതിനെത്തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ഇന്ത്യന്‍ നാവികസേനയുമായി ചേര്‍ന്ന് സംയുക്ത പരിശീലനം പൂര്‍ത്തിയാക്കിയ ബ്രിട്ടന്റെ എച്ച്.എം.എസ് പ്രിന്‍സ് ഒഫ് വെയില്‍സ് കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന എഫ് 35 ബി യുദ്ധവിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി അടുത്ത ദിവസം ഇന്ധനം നിറച്ച ശേഷമാണ് സാങ്കേതിക തകരാറുളളതായി അധികൃതര്‍ മനസിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

