ദലിത് യുവതിക്ക് അപമാനം: ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി
text_fieldsതിരുവനന്തപുരം: പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിയെ മോഷണക്കുറ്റം ആരോപിച്ച് അനധികൃതമായി കസ്റ്റഡിയില്‍ വെക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി. മാല മോഷ്ടിച്ചെന്ന് ആരോപിച്ച് ജോലി ചെയ്തിരുന്ന വീട്ടുകാര്‍ നല്കിയ പരാതിയില്‍ നെടുമങ്ങാട് സ്വദേശി ആര്. ബിന്ദുവിനെ പൊലീസ് കസ്റ്റഡിയില്‍ വെച്ച് മാനസികമായും ശാരീരികമായും 20 മണിക്കൂര്‍ പീഡിപ്പിച്ചെന്നാണ് പരാതി.
ജില്ലക്ക് പുറത്ത് ജോലിചെയ്യുന്ന ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്ന മനുഷ്യാവകാശ കമിഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വിദ്യാധരനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചത്. നിയമനം കിട്ടി ദിവസങ്ങളായിട്ടും മൊഴി എടുക്കലോ, പ്രാഥമിക വിവരശേഖരണുമോ തുടങ്ങിയിട്ടില്ല.
ബിന്ദുവിനെ നിയമകാര്യങ്ങളില്‍ സഹായിക്കാന്‍ വനിത അഭിഭാഷകയുടെ സാന്നിധ്യത്തിലാവണം മൊഴിയെടുക്കലെന്നും മുഷ്യാവകാശ കമിഷന് നിര്‍ദ്ദേശിച്ചിരുന്നു. വനിത അഭിഭാഷകയെ ഏര്‍പ്പെടുത്തി നല്‍കണമെന്ന് ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. എത്രയും പെട്ടെന്ന് വനിത അഭിഭാഷകയെ നിയമിച്ചു തരണമെന്ന് ഡിവൈ.എസ്.പി വിദ്യാധരന് ജില്ല നിയമ സഹായ അതോറിറ്റിക്ക് കത്തും നല്കി. എന്നാല്‍ വനിത അഭിഭാഷകയുടെ കാര്യത്തില്‍ ഇതുവരേയും തീരുമാനമായിട്ടില്ല.
മാല മോഷണം പോയെന്ന വീട്ടുടമ ഓമന ദാനിയേലിന്റെ പരാതിയിലാണ് പേരൂര്‍ക്കട പൊലീസ് ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ എസ്.ഐ പ്രസാദിനെയും എ.എസ്.ഐ പ്രസന്നകുമാറിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. മാലമോഷണം ആരോപിച്ച് ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത് ജി.ഡിയില്‍ രേഖപ്പെടുത്തിയില്ലെന്നും തുടര്‍നിയമനടപടികള്‍ പാലിച്ചില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കുടിവെള്ളവും ഭക്ഷണവും കൊടുത്തില്ല. വെള്ളം ചോദിച്ചപ്പോള്‍ കക്കൂസിലെ ബക്കറ്റില്‍ നിന്നു കുടിക്കാന്‍ പറഞ്ഞ് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് ബിന്ദു ആരോപിക്കുന്നു.
ആറു പൊലീസുകാര്‍ക്കെതിരെയാണ് ബിന്ദു മൊഴി നല്‍കിയത്. എന്നാല്‍ രണ്ടുപേര്‍ക്കെതിരെ മാത്രമാണ് നടപടി ഉണ്ടായത്. പരാതി പറയാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായെന്നും ബിന്ദു ആരോപിച്ചിരുന്നു. വനിത കമിഷനും എസ്.സി, എസ്.ടി കമിഷനും അന്വേഷണം നടത്തുന്നുണ്ട്.
പത്തനംതിട്ടയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കഞ്ചാവ് കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കുന്നതും വിദ്യാധരനാണ്. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാകും ബിന്ദു അപമാനിക്കപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുക എന്നാണറിയുന്നത്. ഓരോ കാരണങ്ങള്‍ പറഞ്ഞ് അന്വേഷണം നീണ്ടു പോകുന്തോറും കുറ്റാരോപിതരായ പൊലീസുകാര്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ കണ്ടെത്തുമെന്ന ആശങ്കയും ബിന്ദുവിനും കുടുംബത്തിനുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

