തമിഴ്നാട്ടിൽ നിന്നുള്ള ക്രിമിനൽ സംഘം വർക്കലയിൽ അറസ്റ്റിൽ
text_fieldsവർക്കലയിൽ പോലീസ് പിടിയിലായ ക്രിമിനൽ സംഘം
വർക്കല: തമിഴ്നാട്ടിൽ നിന്നും രക്ഷപ്പെട്ടെത്തിയ ക്രിമിനൽ സംഘം വർക്കലയിൽ അറസ്റ്റിൽ. തമിഴ്നാട്ടിൽ നിരവധി പിടിച്ചുപറി, മോഷണം, വധശ്രമകേസ് എന്നിവയിൽ പ്രതികളായ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പടെ അഞ്ചംഗ സംഘത്തെയാണ് ഞായറാഴ്ച രാവിലെ പിടികൂടിയത്.
മധുര ജയന്തിപുരം സ്വദേശികളായ മനോജ് കുമാർ, അരുൺ, മതിയഴകൻ, പ്രവീൺകുമാർ എന്നിവരാണ് ടൂറിസം പോലീസിന്റെ പിടിയിലായത്. തമിഴ്നാട് പോലീസിന്റെ കണ്ണുവെട്ടിച്ചാണ് സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവർ കേരളത്തിലേക്കാണെന്ന് മനസ്സിലാക്കിയ തമിഴ്നാട് പോലീസ് വിവരം കേരള പോലീസിന് കൈമാറി. പ്രതികൾ ട്രെയിൻ മാർഗം വർക്കല റെയിൽവേ സ്റ്റേഷനിൽ എത്തിയെന്ന വിവരത്തെ തുടർന്ന് വർക്കല ഡി.വൈ.എസ്.പിയുടെ പ്രത്യേക നിർദ്ദേശത്തിൽ പാപനാശം റിസോർട്ടുകൾ കേന്ദ്രീകരിച്ച് ടൂറിസം പോലീസ് മിന്നൽ പരിശോധന നടത്തി.
ഞായറാഴ്ച രാവിലെ മുറിയെടുത്തവരുടെ വിവരങ്ങൾ ശേഖരിച്ചതിൽ നിന്നും പ്രതികൾ താമസിച്ചിരുന്ന സ്വകാര്യ റിസോർട്ട് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് പോലീസ് മുറികളിൽ കയറി പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയത്. പ്രതികളെ വർക്കല പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. പ്രതികളെ പിന്തുടർന്ന തമിഴ്നാട് പോലീസ് സംഘവും വർക്കലയിൽ എത്തി. പ്രതികളെ തമിഴ്നാട് പോലീസിന് കൈമാറി.
ഓണാഘോഷത്തോട് അനുബന്ധിച്ച് തമിഴ്നാട്ടിൽ നിന്നും നിരവധി ക്രിമിനൽ കേസിൽ പെട്ടവർ വർക്കല വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ച് റിസോർട്ടുകളിൽ തമ്പടിക്കുന്നുണ്ടെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

