മുതലപ്പൊഴി ഹാർബർ നിർമാണം; ആക്ഷേപങ്ങൾ തള്ളി വിദഗ്ധസമിതി
text_fieldsമുതലപ്പൊഴി ഹാർബറും തീരശോഷണ മേഖലയും സി.ഡബ്ലു.പി.ആർ.എസ് വിദഗ്ധ സംഘം സന്ദർശിക്കുന്നു
ചിറയിൻകീഴ്: മുതലപ്പൊഴി ഹാർബർ നിർമാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച ആക്ഷേപങ്ങൾ വിദഗ്ധസമിതി തള്ളി. അപകടങ്ങൾക്ക് പരിഹാരമായി നിലവിൽ നിർമാണം പുരോഗമിക്കുന്ന പുലിമുട്ടിന്റെ ഘടന പൂർത്തിയായാൽ മാത്രമേ പൂർണമായ ഗുണം ലഭിക്കുകയുള്ളൂവെന്ന് പൂനെയിൽ നിന്നുള്ള കേന്ദ്ര വിദഗ്ദ്ധസംഘം അഭിപ്രായപ്പെട്ടു. പുലിമുട്ട് നിർമാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ പങ്കുവെച്ച ആശങ്കകൾ നേരിട്ട് വിലയിരുത്താനാണ് സി.ഡബ്ലു.പി.ആർ.എസ് ഉന്നതതല സംഘം മുതലപ്പൊഴിയിൽ എത്തിയത്.
പുലിമുട്ടിന്റെ ബാക്കിയുള്ള 205 മീറ്റർ ഭാഗം കൂടി പൂർത്തിയാക്കാനുണ്ട്. ഇത് കഴിയുന്നതോടെ വടക്കുഭാഗത്തുനിന്നുള്ള ശക്തമായ തിരയടി ഇല്ലാതാകുകയും മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായി കടലിൽ പോകാൻ സാധിക്കുകയും ചെയ്യും. നിലവിലെ പ്രൊജക്ടിൽ മാറ്റം വരുത്തുന്നത് ചെലവ് കൂട്ടുമെന്നല്ലാതെ മറ്റ് ഗുണമില്ലെന്നും, ഇപ്പോഴത്തെ പ്ലാൻ കൃത്യമാണെന്നും വിദഗ്ദ്ധർ വിലയിരുത്തി. അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടകൾ അടിയന്തരമായി ഡ്രഡ്ജിങ് നടത്തി നീക്കം ചെയ്യാൻ ഹാർബർ എൻജിനീയറിങ് വകുപ്പിന് നിർദേശം നൽകി. പ്രവൃത്തികൾ പൂർത്തിയാകുമ്പോൾ അഴിമുഖത്ത് എട്ട് മീറ്ററോളം ആഴം ലഭ്യമാകും.
നേരത്തെ ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രിമാർ സ്ഥലം സന്ദർശിച്ചതിന്റെ തുടർച്ചയായാണ് നടപടി. വരും ഘട്ടങ്ങളിലും സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് രമ്യ ഹരിദാസ് എം.എൽ.എ വ്യക്തമാക്കി. അഴിമുഖത്തെ മണൽ മാറ്റുന്നതിനായി വിവിധ കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയായെന്നും എം.എൽ.എ പറഞ്ഞു.
സന്ദർശനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സർക്കാരിന് സി.ഡബ്ലു.പി.ആർ.എസ് ഉടൻ സമർപ്പിക്കും. അഡീഷനൽ ഡയറക്ടർ ഡോ. ജെ. സിൻഹ, സയന്റിസ്റ്റ് ബി.ആർ. തായഡെ, ഹാർബർ ചീഫ് എൻജിനീയർ കെ.പി.വൈ. ഗായ എന്നിവരടങ്ങുന്ന സംഘം പ്രദേശത്ത് വിശദമായ പരിശോധന നടത്തി. കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ട അഞ്ചുതെങ്ങ് പഞ്ചായത്തിലെ തീരപ്രദേശങ്ങളും സന്ദർശിച്ചു.
ജില്ലാ ഭരണകൂടത്തിനും വകുപ്പുകൾക്കുമെതിരെ കടുത്ത വിമർശനം
തിരുവനന്തപുരം: ജില്ലാ ഭരണകൂടത്തിനെതിരെയും ബന്ധപ്പെട്ട വകുപ്പുകൾക്കെതിരെയും കടുത്ത വിമർശനം നടത്തി മുതലപ്പൊഴിയിലെ അപകടങ്ങളും നിർമാണ പ്രവർത്തനങ്ങളിലെ പ്രശ്നങ്ങളും സംബന്ധിച്ച് രണ്ട് വർഷമായി തുടരുന്ന കേസിൽ തുടർനടപടി അവസാനിപ്പിച്ച് ന്യൂനപക്ഷ കമീഷൻ. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മുതലപ്പൊഴിയിലെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ച് പൊഴിയെ അപകട രഹിതമാക്കാനുള്ള അടിയന്തരനടപടി ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ നടത്താൻ നിർദേശിച്ചാണ് നടപടി അവസാനിപ്പിച്ചത്.
വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ പ്രവർത്തനത്തെ സാരമായി ബാധിച്ചെന്ന് കമീഷൻ കുറ്റപ്പെടുത്തി. രണ്ടുവർഷമായി കമീഷന്റെ നിരന്തരമായ ഇടപെടലുണ്ടായിട്ടും മുതലപ്പൊഴിയിലെ അപകടങ്ങൾ പൂർണമായി ഒഴിവാക്കുന്നതിനും സുരക്ഷാ വീഴ്ചകൾ പരിഹരിക്കുന്നതിനും അധികൃതർക്ക് കഴിയാഞ്ഞത് ദൗർഭാഗ്യകരമാണെന്ന് ചെയർമാൻ എ.എ. റഷീദിന്റെ സാന്നിധ്യത്തിൽ നടന്ന സിറ്റിങിൽ കമീഷൻ അഭിപ്രായപ്പെട്ടു. മഴക്കാലത്തിന് മുമ്പ് മണൽ നീക്കം പൂർത്തിയാക്കുമെന്ന് കമീഷൻ മുമ്പാകെ ഉറപ്പുനൽകിയ ജില്ല ഭരണകൂടത്തിനും ഹാർബർ എൻജിനീയറിങ് വകുപ്പിനും ഡ്രഡ്ജർ തകരാറിലാണെന്ന കാരണത്താൽ ഡ്രഡ്ജിങ് പോലും നടത്താനായില്ല.
അപകടത്തിന് ഇരയായ മത്സ്യതൊഴിലാളികൾക്കും കുടുംബങ്ങൾക്കും സർക്കാർ അനുവദിച്ച സാമ്പത്തിക സഹായം പൂർണമായി വിതരണം ചെയ്യുവാൻ കഴിഞ്ഞിട്ടില്ലെന്നും കമീഷൻ കുറ്റപ്പെടുത്തി. പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ തെക്കേ പുലിമുട്ടിന്റെ നീളം കൂട്ടുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾക്കായി പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 177 കോടി രൂപയുടെ ഭരണാനുമതി കേന്ദ്ര സർക്കാറിൽനിന്ന് ലഭ്യമായെങ്കിലും തുടർ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. പ്രവൃത്തികളുടെ തുടർ പരിശോധന ഉറപ്പാക്കാൻ ജില്ല ഭരണകൂടത്തിന് കഴിയുന്നില്ലെന്ന കടുത്ത വിമർശനവും കമീഷൻ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

