കണ്ണിമേറ മാർക്കറ്റ്; കട പൊളി തുടങ്ങിയിട്ടും വിവാദം തീരുന്നില്ല
text_fieldsപാളയം കണ്ണിമേറ മാർക്കറ്റ്
തിരുവനന്തപുരം: നവീകരണത്തിന്റെ ഭാഗമായി പാളയം കണ്ണിമേറ മാർക്കറ്റിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കിത്തുടങ്ങിയെങ്കിലും വ്യാപാരികളും കോർപറേഷനും തമ്മിലുള്ള തർക്കത്തിന് അവസാനമാകുന്നില്ല. കച്ചവടക്കാരെ മാറ്റി പാർപ്പിക്കുന്ന താൽക്കാലിക കെട്ടിടങ്ങളുടെ അപര്യാപ്തത സംബന്ധിച്ചുള്ള തർക്കമാണ് തുടരുന്നത്. നിലവിലെ മാർക്കറ്റിന് സമീപം മൂന്ന് ബ്ളോക്കുകളിലായി 366 താൽക്കാലിക കടമുറികൾ സ്ഥാപിച്ചാണ് മാറ്റി പാർപ്പിക്കൽ നടത്തുന്നത്.
എന്നാൽ, അവിടെ വെള്ളമോ കൃത്യമായ വായു സഞ്ചാരത്തിനുള്ള സൗകര്യമോ കടയ്ക്കാവശ്യമായ സ്ഥലമോ ഇല്ലെന്നതടക്കം നിരവധി അപര്യാപ്തതകൾ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ പൊളിച്ചുനീക്കപ്പെട്ട ഭാഗത്ത് ഏറെ കാലമായി കടകൾ അടഞ്ഞു കിടക്കുകയായിരുന്നെന്നും യഥാർത്ഥ കച്ചവടക്കാർ ആരും ഒഴിഞ്ഞുപോയിട്ടില്ലെന്നും പാളയം കണ്ണിമേറ മർച്ചന്റ്സ് അസോസിയേഷൻ അവകാശപ്പെടുന്നു.
താൽക്കാലിക കടമുറികൾക്ക് സമീപത്തായുള്ള മാലിന്യം തന്നെയാണ് ഇവർ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രശ്നം. ഇത് ഏറെക്കുറെ പരിഹരിച്ചെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും മാലിന്യത്താലുള്ള രൂക്ഷഗന്ധം ഉപഭോക്താക്കളെ അകറ്റുമെന്നത് മറ്റൊരു യാഥാർത്ഥ്യം.
മലിനജലം കുടിവെള്ളമായി മാറ്റാനുള്ള സൗകര്യം നിലവിലെ കെട്ടിടത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് കോർപറേഷൻ പറയുന്നത്. അതും വ്യാജമാണെന്ന് വ്യാപാരികൾ പറയുന്നു. നിലവിൽ മാർക്കറ്റിൽ സ്ഥിരമായി കച്ചവടം ചെയ്യുന്ന ആരും മാറിയിട്ടില്ലെന്നും കോടതി ഉത്തരവുള്ളതിനാൽ തങ്ങളെ മാറ്റുക അത്ര എളുപ്പമല്ലെന്നും ഇവർ പറയുന്നു.
സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 160 വർഷത്തിലേറെ പഴക്കമുള്ള കണ്ണിമേറ മാർക്കറ്റ് നൂറു കോടിയിലേറെ തുക മുടക്കി നവീകരിക്കുന്നത്. ഇതിന്റെ ഭാഗമായി മാർക്കറ്റിനു പിന്നിലുണ്ടായിരുന്ന മത്സ്യക്കച്ചവടക്കാരെ ആഴ്ചകൾക്കു മുമ്പ് തന്നെ പുതിയ സ്ഥലത്തേക്ക് മാറ്റിയിരുന്നു.
അതിനു പിന്നാലെയാണ് കച്ചവടക്കാരെയും ഒഴിപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്. കോർപറേഷന്റെ താൽക്കാലിക കടകൾക്ക് വെറും 30 സ്ക്വയർഫീറ്റ് മാത്രമേയുള്ളൂവെന്നും 70 മുതൽ 100 വരെ വിസ്തൃതിയില്ലെങ്കിൽ അത് കച്ചവടത്തെ ബാധിക്കുമെന്നും വ്യാപാരികൾ പറയുന്നു. വൻകിട, ചെറുകിട കച്ചവടക്കാരായി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 800 ഓളം പേരാണ് കണ്ണിമേറ മാർക്കറ്റിലുള്ളത്.
കണ്ണിമേറ മാർക്കറ്റിന്റെ പൈതൃകം നിലനിറുത്തി പുതിയ ഷോപ്പിംഗ് കോംപ്ളക്സ് ഒന്നര വർഷത്തിനുള്ളിൽ വരുമെന്നും അതോടെ വിപുലീകരിച്ച പുതിയ കടമുറികൾ കച്ചവടക്കാർക്ക് ലഭിക്കുമെന്നുമാണ് അധികൃതർ പറതുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.