അടിയന്തരാവസ്ഥ പോരാട്ടത്തിലെ പങ്കിനെച്ചൊല്ലി സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വാക്ക്പോര്
text_fieldsതിരുവനന്തപുരം: ഇന്ത്യാചരിത്രത്തിലെ കറുത്ത അധ്യായമെന്ന് അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ച സി.പി.എമ്മും ബി.ജെ.പിയും അതിനെതിരെ നടത്തിയ പോരാട്ടത്തെച്ചൊല്ലി വാക്ക്പോരിൽ. അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിൽ ആർ.എസ്.എസിന് പങ്കില്ലെന്ന സി.പി.എമ്മിന്റെയും, സി.പി.എമ്മിന് പങ്കില്ലെന്ന സംഘ്പരിവാറിന്റെയും സൈബറിടങ്ങളിൽ തുടങ്ങിയ പഴിചാരലുകളാണ് നേതാക്കളുടെ വാക്ക്പോരായി മാറിയത്.
അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ആർ.എസ്.എസും ഒരുമിച്ച് പ്രവർത്തിച്ചെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിവാദ പ്രസ്താവനയോടെയായിരുന്നു സൈബറിടങ്ങളിലെ ചർച്ച. എന്നാൽ ഗോവിന്ദന്റെ വാക്കുകൾ തിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, ആർ.എസ്.എസും സി.പി.എമ്മും കൂട്ടുകൂടിയിട്ടില്ലെന്ന് വ്യക്തമാക്കിയതിനൊപ്പം ആർ.എസ്.എസ് അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിൽ പങ്കുവഹിച്ചില്ലെന്നും പറഞ്ഞിരുന്നു.
ഇതിനെ വിമർശിച്ച് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും ഗോവ ഗവർണറുമായ പി.എസ്. ശ്രീധരൻപിള്ള രംഗത്തെത്തി. അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ നിയമങ്ങൾക്ക് വിധേയമായി മാത്രമാണ് സി.പി.എം പ്രവർത്തിച്ചതെന്ന് ഇ.എം.എസ് ‘കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ’ എന്ന പുസ്തകത്തിൽ എഴുതിയത് മുഖ്യമന്ത്രി വായിക്കണം. സംസ്ഥാനത്ത് ആർ.എസ്.എസ് ഒഴികെ ആരും അടിയന്തരാവസ്ഥക്കെതിരെ രംഗത്തുവന്നിട്ടില്ല.
ആർ.എസ്.എസിന്റെ പങ്ക് തള്ളിയ മുഖ്യമന്ത്രിക്ക് വിഷാദം ബാധിച്ചെന്ന് സംശയിക്കണമെന്നുമായിരുന്നു കാസർകോട്ട് അടിയന്തരാവസ്ഥ വാർഷിക പരിപാടിയിൽ അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിക്ക് മറുപടി നൽകാത്ത ബി.ജെ.പി നേതൃത്വത്തെയും പിള്ള പരോക്ഷമായി വിമർശിച്ചിരുന്നു.
പിന്നാലെ ശ്രീധരൻ പിള്ളയുടെ വാക്കുകളെ വിമർശിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയെത്തി. അടിയന്തരാവസ്ഥക്കെതിരെയോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ഗാന്ധിക്കെതിരെയോ ആർ.എസ്.എസ് സമരം ചെയ്തില്ലെന്നും അത്തരം പ്രചാരണം ശരിയല്ലെന്നുമാണ് എ.കെ.ജി പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറിൽ ബേബി പറഞ്ഞത്. അടിയന്തരാവസ്ഥയെ സ്വാഗതം ചെയ്ത് ആർ.എസ്.എസ് സർസംഘ്ചാലക് ബാലാസഹേബ് ദേവരസ് ഇന്ദിരക്ക് കത്തെഴുതി.
ആർ.എസ്.എസ് നിരോധനം നീക്കിയാൽ ഇരുപതിന കർമപദ്ധതി വിജയിപ്പിക്കാമെന്നും അറിയിച്ചു. ആർ.എസ്.എസിന്റെ അടിസ്ഥാനം സേച്ഛാധിപത്യമാണെന്നിരിക്കെ അവരെങ്ങനെയാണ് ജനാധിപത്യത്തിനായി നിലകൊണ്ടെന്ന് പറയുകയെന്നും ബേബി ചോദിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിൽ കേന്ദ്രമന്ത്രിമാരെയടക്കം പങ്കെടുപ്പിച്ച് നടത്തുന്ന അടിയന്തരാവസ്ഥ വാർഷികത്തിൽ സി.പി.എമ്മിന്റെ വിമർശനത്തിന് ബി.ജെ.പിയുടെ മറുപടിയുണ്ടാകുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

