ചാരുപാറ രവിയുടെ വിയോഗം; നഷ്ടമായത് തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച സോഷ്യലിസ്റ്റിനെ
text_fieldsനെടുമങ്ങാട് :തെക്കൻ മലയോര മേഖലയിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവിനെയാണ് ചാരുപാറ രവിയുടെ വിയോഗത്തോടെ നഷ്ടമായത്.ട്രേഡ് യൂനിയൻ നേതാവും രാഷ്ട്രീയ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റുമായ ചാരുപാറ രവി പൊന്മുടി, ബോണക്കാട്, ബ്രൈമൂർ തുടങ്ങിയ പ്രധാന തോട്ടങ്ങളിലെ തൊഴിലാളികളെ സംഘടിപ്പിച്ചതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.
വിതുര, ചാരുപാറ വസന്തവിലാസത്തിൽ ജനാർദനൻ ഉണ്ണിത്താൻറേയും സുമതിയമ്മയുടേയും മകനായി 1949ലായിരുന്നു ജനനം. സോഷ്യലിസ്റ്റ് ദർശനങ്ങളിൽ ആകൃഷ്ടനായി പതിനെട്ടാം വയസ്സിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായിട്ടായിരുന്നു രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം. വിദ്യാഭ്യാസകാലത്ത് ഐ.എസ്.ഒയുടെ ഭാരവാഹിയായിരുന്നു. ജനതാപാർട്ടി മുതലുള്ള ജനതാദൾ പ്രസ്ഥാനങ്ങളുടെ ജില്ല, സംസ്ഥാന ഭാരവാഹിയായും നാഷണൽ കൗൺസിൽ അംഗമായും എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു.
തോട്ടം മേഖലകൾ നിരവധിയുണ്ടായിരുന്ന ജന്മനാട്ടിലെ തൊഴിലാളികളുടെ ദുരവസ്ഥകൾ കണ്ടറിഞ്ഞ രവി, തൊഴിലാളി നേതാവ് എന്ന നിലയിൽ തോട്ടം മേഖലയിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. മിനിമം വേതനം ആവശ്യപ്പെട്ട് വിവിധ എസ്റ്റേറ്റുകളിൽ എച്ച്.എം.എസ് തൊഴിലാളികൾ നടത്തിയ ദീർഘകാലം സമരത്തെ എതിർപ്പുകൾക്കിടയിലും നയിച്ചു.
പ്രാദേശിക രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രാമുഖ്യം നൽകിയ ആദ്യ കാലങ്ങളിൽ തൊളിക്കോട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ചായം സർവീസ് സഹകരണ ബാങ്ക്, കിളിമാനൂർ കാർഷിക ഗ്രാമവികസന ബാങ്ക് എന്നിവിടങ്ങളിൽ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. റബർ ബോർഡ് വൈസ് ചെയർമാൻ.
കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡംഗം, തിരുവിതാംകൂർ ദേവസ്വം ബോർഡംഗം, കാംകോ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ആയുർവേദ കോളജ് വികസന കമ്മിറ്റി അംഗം, മെഡിക്കൽ കോളജ് വികസന കമ്മിറ്റി അംഗം, എച്ച്.എം.എസ് സംസ്ഥാന വൈസ് പ്രസിഡൻറ്, ജയപ്രകാശ് കൾച്ചറൽ സെന്റർ സെക്രട്ടറി, സോഷ്യലിസ്റ്റ് പത്രിക മാനേജിങ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റിലാവുകയും പൊലീസിന്റെ ക്രൂരമർദനത്തിനിരയാവുകയും നാലു മാസത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തു.1980-ൽ ആര്യനാട് നിന്നും 1996 -ൽ നെയ്യാറ്റിൻകര നിന്നും 2009-ൽ നേമത്ത് നിന്നും നിയമസഭയിലേക്ക് മത്സരിചെങ്കിലും വിജയിക്കാനായില്ല.
ചാരുപാറ രവിയുടെ മൃതദേഹം വിതുര എം.ജി.എം പൊന്മുടി വാലി പബ്ലിക് സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും തൊഴിലാളികൾ ഉൾപ്പെടെ വിവിധ മേഖലകളിലെ ജനങ്ങൾ ഒഴുകിയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

