തെരഞ്ഞെടുപ്പ് പ്രഖ്യാപനമായി കളത്തിലിറങ്ങി സ്ഥാനാർഥികൾ
text_fieldsചിറയിൻകീഴിലെ എൽ.ഡി.എഫ് സ്ഥാനാർഥി മനോജ് ബി. ഇടമന വോട്ട് അഭ്യർഥിക്കുന്നു
ആറ്റിങ്ങൽ: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സീറ്റ് ഉറപ്പിച്ച സ്ഥാനാർഥികൾ സജീവമായി. സി.പി.എം സംസ്ഥാന സെക്രട്ടറി ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ച ഉടൻ ആറ്റിങ്ങലിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ റോഡ് ഷോ ആരംഭിച്ചു. ഇടതുമുന്നണി നേതാക്കളും പ്രവർത്തകരും കൊടികളുമായി സ്ഥാനാർഥിക്കൊപ്പം അണിനിരന്നു.
ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാർഥി സന്തോഷ് ഭദ്രൻ
വോട്ട് തേടുന്നു
ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാർഥി സന്തോഷ ഭദ്രന്റെ സ്ഥാനാർഥിത്വമാണ് ഈ മേഖലയിൽ ആദ്യം പ്രഖ്യാപിക്കപ്പെട്ടത്. ചുവരെഴുത്തുകൾ ഉൾപ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കും നേരത്തെ തുടക്കമിട്ടിരുന്നു. സന്തോഷ് ഭദ്രന്റെ വോട്ടഭ്യർത്ഥന തിങ്കളാഴ്ച രാവിലെ ഒമ്പതിന് വക്കത്ത് നിന്ന് തുടങ്ങും. തുടർന്ന് ചെറുന്നിയൂർ, മണമ്പൂർ എന്നിവിടങ്ങളിൽ പ്രധാന ജങ്ഷനിലെത്തിയും വോട്ടർമാരെ കാണും.
ആറ്റിങ്ങലിൽ മുൻ തെരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്തെത്തിയ ബി.ജെ.പിക്ക് സ്ഥാനാർഥിത്വം സംബന്ധിച്ച് ഇതുവരെയും തീരുമാനത്തിലെത്താൻ ആയിട്ടില്ല. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.സുധീർ ആണ് ആറ്റിങ്ങൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. എന്നാൽ നിലവിൽ തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥനാണ് സംസ്ഥാന നേതൃത്വം മുൻഗണന നൽകിയിരിക്കുന്നത്.
ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി മനോജ് ബി. ഇടമന കഴിഞ്ഞ ദിവസം തന്നെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. പ്രധാന ജങ്ഷനുകൾ കേന്ദ്രീകരിച്ച് വോട്ടർമാരെ കണ്ട് വോട്ട് തേടിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ചയും മണ്ഡലത്തിലുടനീളം പ്രധാന ജങ്ഷനുകളിൽ എത്തി വോട്ടർമാരെ കണ്ട് വോട്ടഭ്യർഥിച്ചു.
യു.ഡി.എഫ് ചിറയിൻകീഴ് സ്ഥാനാർഥിയായി മുൻ എം.പി രമ്യ ഹരിദാസിനെയാണ് പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇതിനെതിരെ മണ്ഡലത്തിലെ ഒരു വിഭാഗം നേതാക്കൾ പരസ്യമായി രംഗത്ത് വരികയും വാർത്തസമ്മേളനം നടത്തുകയും ചെയ്തത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എങ്കിലും സ്ഥാനാർഥിയെ മാറ്റാൻ സാധ്യതയില്ല. പ്രഖ്യാപനം ഉണ്ടായാൽ ഉടൻ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കും വിധം കോൺഗ്രസ് ക്യാമ്പ് സജ്ജമാകുകയാണ്.എൻ.ഡി.എയിൽ ബി.ജെ.പിയാണ് ചിറയിൻകീഴിൽ മത്സരിക്കുന്നത്.
സ്ഥാനാർഥി ആര് എന്നത് സംബന്ധിച്ച് ഇപ്പോഴും ചർച്ചകൾ തുടരുകയാണ്. സമീപകാലത്ത് സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ട ബി.ജെ.പിയിലെത്തിയ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെയും പരിഗണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

