കോടികൾ മുടക്കി നിര്‍മിച്ച ജി. കാർത്തികേയൻ സ്മാരക മന്ദിരം മാലിന്യ സംഭരണകേന്ദ്രം
text_fieldsജി. കാർത്തികേയൻ സ്മാരക മന്ദിരം
ആര്യനാട്: കോടികള്‍ മുടക്കി മൂന്നുവര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ ജി. കാർത്തികേയൻ സ്മാരക മന്ദിരം (സംയോജിത സാമൂഹിക സുരക്ഷ കേന്ദ്രം ) അനാഥമായി കിടക്കുന്നു. കേന്ദ്ര പദ്ധതിയായ ശ്യാമപ്രസാദ് മുഖർജി നാഷനൽ അർബൻ മിഷൻ ഫണ്ട് വിനിയോഗിച്ച് ആര്യനാട് ഗ്രാമ പഞ്ചായത്തിൽ നിർമിച്ച നാലു നിലയുള്ള കെട്ടിടമാണ് അധികൃതരുടെ അവഗണനയില്‍ നശിക്കുന്നത്.
ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്നുവർഷത്തോളമായി. തുടര്‍ന്ന് ബാംബൂ കോർപറേഷൻ, സാക്ഷരത മിഷൻ തുടങ്ങിയവയുടെ ഓഫിസ്, പകൽവീട് എന്നിവയുടെ പ്രവര്‍ത്തനം, ഹരിതകർമ സേന അംഗങ്ങൾ വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംഭരിക്കാനുള്ള കേന്ദ്രം എന്നിവക്കായി കെട്ടിടത്തിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തി. ആദിവാസികളും നിര്‍ധനരും ഏറെയുള്ള തെക്കന്‍ മലയോര ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് വളരെയേറെ ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രമെന്നനിലയിലാണ് കെട്ടിടം നിർമാണം ആരംഭിച്ചത്.
തലസ്ഥാനത്തെ ആര്.സി.സി, മെഡിക്കല്‍കോളജ് , ശ്രീചിത്ര എന്നീ ആതുരാലയങ്ങളില്‍ ചികിത്സ തേടി പോകേണ്ട രോഗികള്‍ക്ക് ഒ.പി ടിക്കറ്റ് എടുക്കുന്നതിനായുള്ള കേന്ദ്രം, പകൽ വീട്, ജനസേവന കേന്ദ്രം, ഡൈനിങ് ഹാൾ, ഓഫിസ്, ഇൻഫർമേഷൻ കിയോസ്ക്, ജി. കാർത്തികേയൻ സ്മാരക ലൈബ്രറി, ഫിസിയോ തെറപ്പി സെന്റർ, ഡോക്ടേഴ്സ് റൂം, മിനി കോൺഫറൻസ് ഹാൾ, സ്വയംതൊഴിൽ പരിശീലന കേന്ദ്രം, ഓഫിസ്, സ്റ്റോർ റൂം, വിഡിയോ കോൺഫറൻസ് ഹാൾ എന്നിവ പ്രവര്‍ത്തിപ്പിക്കാനാണ് 2.80 കോടി രൂപ ചെലവിട്ട് 15,000 ചതുരശ്രഅടി വിസ്തൃതിയില്‍ കെട്ടിടം നിർമിച്ചത്.
എന്നാല്‍, കെട്ടിടം നിർമാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞശേഷമാണ് നാലുനില കെട്ടിടത്തിന് ലിഫ്റ്റ് ഇല്ലെന്ന് അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് ലിഫ്റ്റ് നിർമാണത്തിനുവേണ്ടിയുള്ള ജോലികള്‍ തുടങ്ങിയെങ്കിലും ഇതുവരെ പണി പൂര്‍ത്തിയായില്ല. കോടികള്‍മുടക്കി നിർമിച്ച കെട്ടിടത്തിനു മുന്നിൽ പ്ലാസ്റ്റിക് മാലിന്യം സംഭരിക്കുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

