ആറ്റുകാൽ പൊങ്കാല; ഒരുക്കം വിലയിരുത്തി മുഖ്യമന്ത്രി
text_fieldsആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി വിവിധ വകുപ്പുകൾ നടത്തിയ ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിവിധ വകുപ്പുകൾ നടത്തിയ ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്താനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. പൊങ്കാലയ്ക്ക് എത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളവും വൃത്തിയുള്ളതും കേടില്ലാത്തതുമായ ഭക്ഷണവും ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും കൃത്യമായ പരിശോധനകൾ ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊങ്കാല സമയത്ത് പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കഴിവതും കുറയ്ക്കുന്ന രീതിയിൽ ക്രമീകരണങ്ങളുണ്ടാകണം. എല്ലാ സർക്കാർ വകുപ്പുകളും കൃത്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. നല്ല നിലയിൽതന്നെ ഉത്സവകാര്യങ്ങൾ നടക്കും എന്നതിന്റെ സൂചനയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ വി.എൻ. വാസവൻ, ജി.ആർ അനിൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പൊങ്കാല ഡ്യൂട്ടിക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 120 പേരും പൊങ്കാല ഉത്സവത്തിന് ഏകദേശം ആയിരത്തോളം വനിതാ പോലീസുകാരെയും വിന്യസിക്കും. 179 സി.സി.ടി.വി ക്യാമറകൾ, ഒരു മെയിൻ കൺട്രോൾ റൂം കൂടാതെ സ്ത്രീകൾക്കുവേണ്ടി പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്.
ഇത്തവണത്തെ പൊങ്കാലക്ക് ചരിത്രത്തിൽ ആദ്യമായി ഫയർ ആൻഡ് റസ്ക്യൂ വകുപ്പ് വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കും. 450 ജീവനക്കാരെ വിന്യസിക്കുന്നതിൽ 50 പേർ വനിതകളാണ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പൊങ്കാല ദിവസം 10 മെഡിക്കൽ ടീമുകൾ അധികമായി പ്രവർത്തിക്കും.
കുത്തിയോട്ട ദിവസങ്ങളിൽ ശിശുരോഗവിദഗ്ധൻ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. ചൂട് വർധിച്ച് അസുഖങ്ങൾ പിടിപെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി ക്ഷേത്രത്തിന് പരിസരത്ത് 10 സ്ഥലങ്ങളിൽ കൂളറുകൾ സ്ഥാപിക്കും. പൊങ്കാല മഹോത്സവത്തിന് എല്ലാ ദിവസങ്ങളിലും കൺട്രോൾ റൂം പ്രവർത്തിക്കും.
മാർച്ച് 12ന് ആറ് മണി മുതൽ 13 വൈകീട്ട് ആറു വരെ ഡ്രൈ ഡേ കർക്കശമായി നടപ്പാക്കുമെന്ന് എക്സ്സൈസ് വകുപ്പ് അറിയിച്ചു. 20 ബസുകൾ ചെയിൻ സർവിസ് ആയി ഈസ്റ്റ് ഫോർട്ടിൽ നിന്ന് ക്ഷേത്രത്തെ ബന്ധിച്ച് സർവീസ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ കെ.എസ്.ആർ.ടി.സി ചെയ്തിട്ടുണ്ട്. ഏഴുനൂറോളം ബസുകൾ പൊങ്കാല ദിവസം തിരുവനന്തപുരം നഗരത്തിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടുന്ന രീതിയിൽ ക്രമീകരിക്കും. കേരളത്തിൽ വിവിധ ഇടങ്ങളിൽ നിന്ന് ബജറ്റ് ടൂറിന്റെ ഭാഗമായി നാലായിരത്തോളം സ്ത്രീകളെ തിരുവനന്തപുറത്ത് എത്തിച്ച് പൊങ്കാല ഇടാനുള്ള സൗകര്യങ്ങളും അവർക്കുള്ള ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വെള്ളം വിതരണവുമായി ബന്ധപെട്ട് ആറ്റുകാൽ, ചാല-ഫോർട്ട് മേഖല, ശ്രീവരാഹം എന്നീ മൂന്ന് സോണുകളായി തിരിച്ചാണ് വാട്ടർ അതോറിറ്റി പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്. 1,391 കുടിവെള്ള ടാപ്പുകളുടെ പണികൾ മാർച്ച് 10ന് പൂർത്തിയാക്കും. 50 ഷവറുകൾ അമ്പലത്തിന് ചുറ്റും വെക്കുന്നുണ്ട്. 18 സിവറേജ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. പൊങ്കാല ഉത്സവവുമായി മന്ധപ്പെട്ട് 18 സ്പെഷ്യൽ ട്രെയിനുകൾ ഉണ്ടാകും. നാല് ട്രെയിനുകൾ നാഗാർക്കോയിൽ സൈഡിലേക്കും 14 ട്രെയിനുകൾ കൊല്ലം ഭാഗത്തേക്കുമായി ക്രമീകരിച്ചിട്ടുണ്ട്.
പൊങ്കാലയോടനുബന്ധിച്ച് 10 റോഡുകളുടെ പണികളാണ് നടത്തിവന്നത്. അതിൽ 9 റോഡുകളുടെ പണികൾ പൂർത്തിയാക്കിക്കഴിഞ്ഞു. ബണ്ട് റോഡിന്റെ പണികളാണ് പൂർത്തിയാക്കാനുള്ളത്. അത് രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ അറിയിച്ചു.1,254 ജീവനക്കാരെ ശുചീകരണ പ്രവർത്തനങ്ങൾക്കായി നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയോടനുബന്ധിച്ച് 1,813 പുതിയ തൊഴിലാളികളെക്കൂടി ശുചീകരണത്തിനായി ഏർപ്പെടുത്തും. 84 ടിപ്പർ ലോറികൾ മാലിന്യം ശേഖരിക്കുന്നതിനായി സജ്ജമാക്കും. അന്നദാനത്തിനായുള്ള രജിസ്ട്രേഷൻ തുടങ്ങി.
ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിനായി ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി ഗ്രീൻ ആർമി രൂപീകരിച്ചിട്ടുണ്ട്. 250 പേരാണ് ഇതിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണം ഒരുക്കും. മൂന്ന് മൊബൈൽ ടോയ്ലെറ്റുകൾ ഉണ്ടാകും. ആന്റണി രാജു എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, എ.ഡി.എം ബീന വി ആനന്ദ്, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

