സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതം; യാത്രക്കാർ ദുരിതത്തിൽ
text_fieldsആലംകോട് ജങ്ഷനിലെ പ്രവർത്തനരഹിതമായ സിഗ്നൽ ലൈറ്റും ഇതിനെ തുടർന്നുള്ള ഗതാഗതകുരുക്കും
ആറ്റിങ്ങൽ: ദേശീയപാതയിലെ തിരക്കേറിയ ആലംകോട് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ പ്രവർത്തനരഹിതമായിട്ട് ആഴ്ചകൾ പിന്നിടുന്നു. സിഗ്നൽ പ്രവർത്തിക്കാതായതോടെ ജംഗ്ഷനിൽ അപകടങ്ങളും ഗതാഗതക്കുരുക്കും വർധിച്ചു. മേഖലയിലെ പ്രധാന ജംഗ്ഷനായ ആലംകോട് ദേശീയപാതയിലേക്ക് രണ്ട് പ്രധാന റോഡുകൾ വന്നുചേരുന്നു. കിളിമാനൂർ റോഡും അഞ്ചുതെങ്ങ്, കടയ്ക്കാവൂർ റോഡും സന്ധിക്കുന്നത് ദേശീയപാതയിലെ ആലങ്കോട് ജംഗ്ഷനിലാണ്.
അതിനാൽ തന്നെ വിവിധ മേഖലകളിലേക്കുള്ള യാത്രക്കാർ ആശ്രയിക്കുന്നത് ഈ ജംഗ്ഷനെയാണ്. കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസുകളും അടക്കം നിരവധി വാഹനങ്ങൾ സർവിസ് നടത്തുന്ന ഈ ഭാഗത്ത് സിഗ്നൽ പ്രവർത്തിക്കാത്തതിനാൽ പലപ്പോഴും ചെറുതും വലുതുമായ അപകടങ്ങൾ സംഭവിക്കുകയും ഡ്രൈവർമാർ തമ്മിൽ വാക്കേറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതായി പറയുന്നു. ഗതാഗത നിയന്ത്രണം ഇല്ലാത്തതിനാൽ കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിലാണ് വാഹനങ്ങൾ കടന്നുപോകുന്നതും.
തകരാറിലായതിനെ തുടർന്ന് സിഗ്നൽ ലൈറ്റ് ഓഫ് ചെയ്തിട്ടിരിക്കുകയാണ്. സിഗ്നൽ ഓഫ് ചെയ്യുന്നതിന് മുമ്പ് മൂന്ന് ദിവസത്തോളം എല്ലാ ലൈറ്റുകളും ഒരേ സമയം തെളിഞ്ഞത് ഡ്രൈവർമാരിൽ ആശങ്ക ഉളവാക്കിയിരുന്നു. മാത്രമല്ല, അപ്പോഴും ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. പരാതിയെതുടർന്ന് ബന്ധപ്പെട്ടവർ ഇടപ്പെട്ട് സിഗ്നൽ ഓഫ് ചെയ്തെങ്കിലും ഇതുവരെയും തകരാറ് പരിഹരിച്ച് സിഗ്നലിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല.
ട്രാഫിക് സിഗ്നൽ പ്രവർത്തന രഹിതമായതോടെ കാൽനട യാത്രക്കാരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. എപ്പോഴും തിരക്കേറിയ ജംഗ്ഷനിൽ റോഡ് മുറിച്ചുകടക്കാൻ വിദ്യാർഥികൾ, സ്ത്രീകൾ, വയോധികർ എന്നിവരെല്ലാം ഏറെ നേരം കാത്തുനിൽക്കേണ്ട സാഹചര്യമാണുള്ളത്. ട്രാഫിക് സിഗ്നലിന്റെ തകരാർ അടിയന്തിരമായി പരിഹരിച്ച് സംവിധാനം പുനരാരംഭിക്കണമെന്ന് പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി എം.എച്ച്. അഷ്റഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

