നഗരസഭ ഭൂമിയിൽ സ്വകാര്യ വ്യക്തിയുടെ കൈയ്യേറ്റം;ആറ്റിങ്ങൽ നഗരസഭ ഭരണസമിതിയുടെ ഒത്താശയോടെയാണെന്ന് കോൺഗ്രസ്
text_fieldsഗവ. പോളിടെക്നിക്കിന് സമീപം ആറ്റിങ്ങൽ നഗരസഭ ഭൂമി സ്വകാര്യവ്യക്തി ഇടിച്ചു നിരത്തി നിരപ്പാക്കിയ നിലയിൽ
ആറ്റിങ്ങൽ: ഗവ. പോളിടെക്നിക്കിന് സമീപം ആറ്റിങ്ങൽ നഗരസഭയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി സ്വകാര്യവ്യക്തി കൈയേറിയതായി പരാതി. ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചു നിരത്തുകയും, വസ്തുവിന്റെ പ്രവേശനകവാടത്തിൽ ഓട നിർമിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് നഗരസഭ റോഡിനും ഇവിടുത്തെ വൈദ്യുതി തൂണിനും കേട് പാടുകൾ സംഭവിച്ചു. ആറ്റിങ്ങൽ നഗരസഭ ഭരണസമിതിയുടെയും, വാർഡ് കൗൺസിലറുടെയും ചില ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് കയ്യേറ്റമെന്ന് കോൺഗ്രസ് നേതൃത്വം പരാതിയിൽ ഉന്നയിച്ചു.
ആറ്റിങ്ങൽ നഗരസഭയുടെ ഒരു ഏക്കറോളം വരുന്ന നഗരസഭ കോളനി ഭൂമിയിലാണ് കയ്യേറ്റം നടക്കുന്നത്. ഈ സ്ഥലത്തെ ഒഴിഞ്ഞ കെട്ടിടങ്ങളിൽ ആരോപണ വിധേയന്റെ ബിസിനസ് ആവശ്യമായ സാധനങ്ങൾ സൂക്ഷിക്കുകയും ഭൂമിയിൽ വാഹനങ്ങൾ നിർത്തിയിടുകയും ചെയ്യുന്നു. ഇതിനിടെ ഇദ്ദേഹത്തിന്റെ വീട്ടിലെ സ്വകാര്യ പരിപാടിക്ക് എത്തിയവരുടെ വാഹനങ്ങൾ നിർത്തിയിടാനും മറ്റുമായി നഗരസഭ ഭൂമി ജെ. സി. ബി ഉപയോഗിച്ചു ഇടിച്ചു നിരത്തിയ്. ഇവിടെ നിർത്തിയിട്ടിരുന്ന നഗരസഭയുടെ കേടായ വാഹനങ്ങൾ ഉൾപ്പെടെ ഇയാൾ ജെ.സി.ബി ഉപയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആറ്റിങ്ങൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി കമ്മിറ്റി ആവശ്യപ്പെട്ടു.

