കള്ളവോട്ട് ആരോപണം; നഴ്സിങ് കൗൺസിൽ വോട്ടെണ്ണൽ പലതവണ നിർത്തി
text_fieldsതിരുവനന്തപുരം: കള്ളവോട്ട് ആരോപണത്തെ തുടർന്ന് സംസ്ഥാന നഴ്സിങ് കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെണ്ണല്‍ പലതവണ നിര്‍ത്തിവച്ചു. രണ്ടുദിവസമായി നഴ്സിങ് കൗണ്‍സില്‍ ആസ്ഥാനത്ത് നടക്കുന്ന വോട്ടെണ്ണല്‍ നടപടികള്‍ പലപ്പോഴും കൈയാങ്കളിയോടെ വക്കോളമെത്തിയതിനാൽ ശനിയാഴ്ച വൈകിയും പൂര്‍ത്തിയാക്കാനായില്ല. വെള്ളിയാഴ്ച രാവിലെ വോട്ടെണ്ണലിന് മുന്നോടിയായി ബാലറ്റ് പേപ്പര്‍ തരംതിരിക്കല്‍ തുടങ്ങിയപ്പോള്‍ മുതല്‍ കള്ളവോട്ട് ആരോപണം ഉയര്‍ന്നു.
തരംതിരിക്കല്‍ അനന്തമായി നീണ്ടതോടെ ശനിയാഴ്ചയും പൊലീസ് കാവലില്‍ തുടരുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് പരസ്പരം കള്ളവോട്ട് ആരോപിച്ച് ഇടത് അനുകൂല സംഘടനകള്‍ നയിക്കുന്ന പ്രോഗ്രസീവ് നഴ്സസ് ഫോറവും സ്വതന്ത്ര നഴ്സുമാരുടെ സംഘടനായ യു.എന്‍.എയും രംഗത്തുവന്നത്. കൗണ്‍സില്‍ നൽകിയ ബാലറ്റ് പേപ്പറിന് പകരം സമാനമായി അച്ചടിച്ച വ്യാജ ബാലറ്റ് പേപ്പറാണ് തിരികെ ലഭിച്ചതെന്നാണ് ഇരുകൂട്ടരും ആരോപിക്കുന്നത്.
ഇതിനിടെ തങ്ങളുടെ അംഗങ്ങളെ കൈയേറ്റം ചെയ്തെന്ന് സ്വതന്ത്ര സംഘടനയായ യു.എന്‍.എയും ഇടതനുകൂല പ്രോഗ്രസീവ് നഴ്സസ് ഫോറവും പരസ്പരം ആരോപണം ഉന്നയിച്ചു. കൗണ്‍സില്‍ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ യു.എന്‍.എ ശ്രമിച്ചുവെന്നാരോപിച്ച് കെ.ജി.എന്‍.എ, കെ.ജി.ഒ.എ, എന്‍.ജി.ഒ യൂനിയന്‍ എന്നിവര്‍ സംയുക്ത പ്രതിഷേധപ്രകടനവും നടത്തി.
അതേസമയം പോസ്റ്റല്‍ ബാലറ്റിന് പകരം നേരിട്ട് വോട്ട് ചെയ്യാന്‍ സംവിധാനമൊരുക്കി വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് യു.എന്‍.എയും രംഗത്തുവന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. കൗണ്‍സിലില്‍ ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന ആശങ്കയില്‍ ഇടതനുകൂല സംഘടനകള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നും അവര്‍ പറഞ്ഞു. വെള്ളിയാഴ്ച വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ബാലറ്റ് പേപ്പര്‍ സൂക്ഷിച്ചിരുന്ന മുറിയുടെ താക്കോല്‍ മൂന്നുമണിക്കൂറോളം കാണാതായതും വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

