താലൂക്ക് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ സംഘം ആശുപത്രിയിൽ നാശനഷ്ടം വരുത്തി
text_fieldsആറ്റിങ്ങൽ: വലിയകുന്ന് ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ മൂന്നംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കും മർദനമേറ്റു. അതിക്രമം നടത്തിയ മൂന്നുപേരെ പൊലീസ് പിടികൂടി. വെയിലൂർ ചെമ്പകമംഗലം കൈലാത്തുകോണം അരുൺ (30 -വലിയകുളം ജിത്തു), വെയിലൂർ ശാസ്തവട്ടം കിഴക്കേമുക്ക് ആലുവിള വീട്ടിൽ വിഷ്ണു (29 -കരിംഭായി), മേൽതോന്നയ്ക്കൽ വേങ്ങോട് മഞ്ഞുമല അനീഷ് ഭവനിൽ അനീഷ് (30) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. മംഗലപുരം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വിഷ്ണുവും കൂട്ടാളികളുമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വീണു പരിക്കേറ്റ ആളുമായാണ് സംഘം ആശുപത്രിയിൽ എത്തിയത്. രോഗിയെ പരിശോധിക്കാൻ ആശുപത്രി ജീവനക്കാർ ശ്രമിക്കുന്നതിനിടെയാണ് പ്രശ്നം തുടങ്ങിയത്. ആദ്യം പ്രതികൾ തമ്മിൽ തർക്കിക്കുകയും പരസ്പരം പിടിച്ചു തള്ളുകയും ചെയ്തു. ഇത് അത്യാഹിതവിഭാഗത്തിലെ രോഗികളുടെ ചികിത്സയെ ബാധിച്ചു. രോഗികളും കൂടെ വന്നവരും ഉൾപ്പെടെ ഭയന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോടും ജീവനക്കാരോടും അപമര്യാദയായി പെരുമാറിയ പ്രതികൾ തൊട്ടു പിന്നാലെ ആക്രമണം അഴിച്ചുവിട്ടു. ഓക്സിജൻ സിലിണ്ടറും ഇ.സി.ജി മെഷീനും ബെഡും നശിപ്പിച്ചു.
ആശുപത്രി ജീവനക്കാർ അറിയച്ചത് പ്രകാരം പൊലീസ് സ്ഥലത്തെത്തി. ഇതിനകം നിരവധി ബൈക്കുകളിലായി കൂടുതൽ ക്രിമിനൽ സംഘങ്ങൾ സ്ഥലത്തെത്തി. പൊലീസിനെ കണ്ടയുടൻ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. അത്യാഹിത വിഭാഗത്തിന് അകത്തുണ്ടായിരുന്ന പ്രതികൾ എ.എസ്.ഐ ജിഹാദിനെ ആക്രമിച്ചു. ഇതിനകം ആറ്റിങ്ങൽ സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. പ്രതികൾ വന്ന വാഹനത്തിൽ നിന്ന് വടിവാളും വെട്ടുകത്തിയും കണ്ടെടുത്തു. പോലീസിനെ ആക്രമിച്ച സംഭവത്തിൽ വിഷ്ണുവിനെതിരെയും ആശുപത്രിയിൽ ആക്രമണം നടത്തിയ കേസിൽ മൂന്നുപേർക്കെതിരെയും കേസ് എടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

