സർഗാത്മക സംവാദങ്ങൾക്ക് വേദി തുറന്ന് ‘മാധ്യമപഠനകേന്ദ്രം’ വീണ്ടും;
text_fieldsഎം.എഫ്.
തോമസ്
തിരുവനന്തപുരം: തലസ്ഥാനനഗരിയെ മാധ്യമ സംവാദങ്ങളാൽ സർഗാത്മകമാക്കിയ ‘മാധ്യമ പഠനകേന്ദ്രം’ ഒരു വ്യാഴവട്ടത്തിനിപ്പുറം വീണ്ടും സജീവമാകുന്നു. ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ സജീവസാന്നിധ്യമാക്കിവരുടെ സംഭാവനകൾ, ആരോഗ്യകരമായ ചർച്ചകൾ തുടങ്ങി സാംസ്കാരിക സായാഹ്നങ്ങളിൽ നിറസാന്നിധ്യമായിരുന്നു മാധ്യമ പഠനകേന്ദ്രം. വീണ്ടും പുതിയ കാലഘട്ടത്തിന്റെ ചുവരെഴുത്തിന് സാന്നിധ്യംകുറിച്ചാണ് മാധ്യമപഠന കേന്ദ്രം സഹൃദയരിലേക്കെത്തുന്നത്.
തുടക്കത്തിൽ നിരവധി പ്രഗത്ഭമതികളുടെ നേതൃത്വവും മാർഗദർശനവും ഈ സംരംഭത്തിന് മുതൽക്കൂട്ടായിരുന്നു. ആരംഭത്തിൽ മാധ്യമ പഠനകേന്ദ്രത്തിന്റെ രക്ഷാധികാരി പി. ഭാസ്കരൻ മാഷ് ആയിരുന്നു. ഉപദേശക സമിതി ചെയർമാൻ പി. ഗോവിന്ദപിള്ളയും.
കൂടാതെ ഉപദേശക സമിതി അംഗങ്ങളായി പ്രഫസർ. നരേന്ദ്രപ്രസാദ്, ലെനിൻ രാജേന്ദ്രൻ, ഹരികുമാർ, കെ.ജി. ജോർജ് തുടങ്ങി മണ്മറഞ്ഞ പ്രതിഭകളും കരുത്തായി ഒപ്പം നിന്നിരുന്നു.
ആ കാലത്തിന്റെ ഓർമകൾ വീണ്ടും പുതുക്കുകയാണ് മാധ്യമ പഠനകേന്ദ്രം. മാധ്യമപഠനകേന്ദ്രത്തിന്റെ സ്ഥാപക പ്രസിഡന്റും കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തോടൊപ്പം കഴിഞ്ഞ 57 വർഷമായി ഒപ്പം സഞ്ചരിക്കുകയും ചെയ്യുന്ന മുതിർന്ന ചലച്ചിത്ര നിരൂപകൻ കൂടിയായ എം.എഫ്. തോമസിന് ഹൃദ്യമായ ആദരവ് നൽകിയാണ് മാധ്യമപഠനകേന്ദ്രം വീണ്ടും സജീവമാകുന്നത്. 80ാം വയസിലേക്ക് കടക്കുന്ന അദ്ദേഹത്തിന് സഹൃദയമനസ് സ്നേഹാദരം നൽകുന്നു. ജനുവരി 15ന് പ്രസ്ക്ലബ് ടി.എൻ.ജി ഹാളിലാണ് പരിപാടി.
‘എം.എഫ്. തോമസ് 80’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി വൈകുന്നേരം മൂന്നിന് ചലച്ചിത്രപ്രദർശനത്തോടെ ആണ് തുടങ്ങുക. എം.എഫ്. തോമസിനെ കുറിച്ച് ബാനർ ബിജു, സോഹൻ ലാൽ എന്നിവർ നിർമിച്ച രണ്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കും. തുടർന്ന് നാലിന് ചലച്ചിത്ര സെമിനാർ. ‘ചലച്ചിത്ര നിരൂപണത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ ബൈജു ചന്ദ്രൻ, പി.എസ്. പ്രദീപ്, എ. ചന്ദ്രശേഖരൻ, ടി.പി. ശാസ്തമംഗലം, വിനു എബ്രഹാം, ഇന്ദുഗോപൻ, ഷെഹ്നാഥ് ജലാൽ, നസീർ ഖാൻ തുടങ്ങിയവർ പങ്കെടുക്കും.
അതിനുശേഷം 5.30ന് എം.എഫ്. തോമസിന് ആദരവ് നൽകുന്ന ‘സ്നോദരങ്ങളോടെ സുഹൃദ്ലോകം’ പരിപാടി സംഘടിപ്പിക്കും. അടൂർ ഗോപാലകൃഷ്ണൻ, വേണു, ഇന്ദ്രൻസ്, റോസ്മേരി, എം.പി. സുകുമാരൻ നായർ, വി.എസ്. രാജേഷ്, ബാനർ ബിജു എന്നിവർ പങ്കെടുക്കും. മാധ്യമപഠന കേന്ദ്രത്തിന്റെ തുടർ പരിപാടികളിൽ പ്രധാനമായി മൺമറഞ്ഞ ചലച്ചിത്ര-ടെലിവിഷൻ പ്രതിഭകളെ കുറിച്ചുള്ള ‘സ്മൃതി’ പരമ്പരക്ക് പ്രാധാന്യം നൽകുമെന്ന് മാധ്യമ പഠനകേന്ദ്രം ഡയറക്ടർ ഡോക്ടർ. ടി. ഷിറാസ് ഖാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

