പ്രതിമാസം പത്ത് കോടി കെ.എസ്.ഇ.ബിക്ക്; ജല അതോറിറ്റിയിൽ പ്രതിഷേധം കനക്കുന്നു
text_fieldsതിരുവനന്തപുരം: വൈദ്യുത ചാർജിനത്തിലെ കുടിശ്ശിക ഒഴിവാക്കാൻ പ്രതിമാസം പത്ത് കോടി രൂപ വീതം ജല അതോറിറ്റിയുടെ അക്കൗണ്ടിൽ നിന്ന് കെ.എസ്.ഇബിക്ക് നൽകുന്ന കരാർ പ്രാബല്യത്തിൽ. എസ്ക്രോ അക്കൗണ്ട് വഴി ഇത്തരത്തിൽ ഉയർന്നതുക കൈമാറുന്നതിനെതിരെ കടുത്ത പ്രതിഷേധം ജീവനക്കാരുടെ സംഘടനകൾ ഉയർത്തിയെങ്കിലും ധനവകുപ്പ് ശക്തമായ നിലപാടെടുത്തതോടെ ജല അതോറിറ്റി മാനേജ്മെന്റ് വഴങ്ങുകയായിരുന്നു.
നിലവിലെ ജല അതോറിറ്റിയുടെ ശരാശരി പ്രതി മാസ വരുമാനം 90 കോടിക്കും 100 കോടിക്കും മധ്യേയാണ്. ഇതിൽ ഭൂരിഭാഗവും ഗാർഹിക, വ്യവസായിക ഉപഭോക്താക്കളിൽ നിന്നുള്ള വെള്ളക്കര ഇനത്തിലെ വരുമാനമാണ്. ജലേതര വരുമാനത്തിനായി വിവിധ പദ്ധതികൾ അതോറിറ്റി ആവിഷ്കരിച്ചുവെങ്കിലും പൂർണതോതിലേക്ക് എത്തിയിട്ടില്ല. ജല അതോറിറ്റിയുടെ വെള്ളം ഉപയോഗിക്കുന്ന സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ വെള്ളക്കരം കൃത്യമായി അടക്കാറില്ല. കോടികളുടെ കുടിശ്ശിക ഇൗയിനത്തിൽ ഉണ്ടെങ്കിലും ഇത് ഈടാക്കാൻ ജല അതോറിറ്റിക്ക് സ്വന്തം നിലക്ക് സാധിക്കുന്നില്ല.
പൊതുസ്ഥാപനങ്ങളുടെ കുടിവെള്ള കണക്ഷൻ കുടിശ്ശികയുടെ പേരിൽ വിശ്ചേദിക്കുന്നതിനും പരിമിതികളുണ്ട്. വൈദ്യുത ചാർജിനത്തിൽ ജലഅതോറിറ്റി കെ.എസ്.ഇ.ബിക്ക് നൽകാനുള്ള തുക കൃത്യമായ നൽകണമെന്ന നിലപാടാണ് സർക്കാർ മിക്കപ്പോഴും സ്വീകരിക്കുക. കെ.എസ്.ഇ.ബിയുടെ നഷ്ടം കുറക്കേണ്ടത് സർക്കാറിന് കേന്ദ്ര വായ്പാ പരിധിയുമായി ബന്ധപ്പെട്ട് അനിവാര്യയായതിനാൽ കടം ഏറ്റെടുക്കാറുമുണ്ട്.
എന്നാൽ ജല അതോറിറ്റിയുടെ കാര്യത്തിൽ നഷ്ടം ഏറ്റെടുക്കുന്നില്ലെന്ന് മാത്രമല്ല, സർക്കാർ വകുപ്പുകൾ നൽകേണ്ട പണം ഇൗടാക്കി നൽകാൻ പോലും ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് വിമർശനം ഉയരുന്നത്. നോൺ പ്ലാന്‍ ഗ്രാന്റ് ജല അതോറിറ്റിക്ക് സർക്കാർ കൃത്യമായി നൽകാറുമില്ല. ഇതിനിടെ ഇൗ സാമ്പത്തി വർഷം ആരംഭത്തിൽ അതോറിറ്റിയുടെ ട്രഷറി അക്കൗണ്ടിലുണ്ടായരുന്ന 719 കോടി രൂപ ധനവകുപ്പ് തടഞ്ഞുവക്കുകയും ചെയ്തു. ഇത് ഇനിയും തിരിച്ചു നൽകിയിട്ടില്ല.
ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൃത്യമായി നൽകാനും വലിയ വികസന പദ്ധതികൾ ഏറ്റെടുത്ത് നൽകാനുമ സാധിക്കാത്ത വിധം സാമ്പത്തിക ഞെരുക്കത്തിൽകൂടി സ്ഥാപനം കടന്നുപോകുമ്പോൾ പത്ത് കോടി പ്രതിമാസം കെ.എസ്.ഇ.ബിക്ക് കൈമാറുന്ന കരാറിൽ സി.എം.ഡി ഒപ്പിട്ടത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനിടെ ജൽജീവൻമിഷന്‍ വേണ്ടി ജല അതോറിറ്റിയെക്കൊണ്ട് 12000 കോടി കടമെടുപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളും സർക്കാർ തലത്തിൽ പൂർത്തിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

