ഒല്ലൂരിന്റെ രാജേട്ടൻ
text_fieldsകെ. രാജൻ
തൃശൂർ: നഗരത്തിലെ ഏതെങ്കിലും ഒരു ചായക്കടയുടെ മുന്നിൽ വൈകുന്നേരങ്ങളിൽ രണ്ടാം നമ്പർ സ്റ്റേറ്റ് കാർ കാണും. റവന്യൂ മന്ത്രി കെ. രാജനും പിന്നെയൊരാൾക്കൂട്ടവും. മിക്കപ്പോഴും കാറും അകമ്പടിയും ഇല്ലാതെ ഒറ്റക്കാകും. എന്നാലും ‘രാജേട്ടാ...’ എന്ന വിളിയുമായി ആരെങ്കിലും ഒക്കെ അടുത്തുകൂടും. ഒല്ലൂർ നിയോജക മണ്ഡലത്തിൽ മാത്രമല്ല, തൃശൂർ എവിടെയും ഇതുപോലെ ഒരു പരിചിത വലയം സൃഷ്ടിച്ചുവെച്ചിട്ടുണ്ട് രാജൻ.
2016ലാണ് സി.പി.ഐ നേതാവായിരുന്ന കെ. രാജൻ ആദ്യമായി മത്സരിക്കുന്നത്. കോൺഗ്രസിലെ എം.പി. വിൻസെന്റിനെ നേരിടാനായിരുന്നു ആ നിയോഗം. 71,666 വോട്ടുകൾ നേടി കന്നി അങ്കത്തിൽ തന്നെ കെ. രാജൻ മികച്ച വിജയം നേടി. ഭൂരിപക്ഷം 13,248. ആദ്യ പിണറായി വിജയൻ മന്ത്രിസഭയുടെ കാലത്ത് ചീഫ് വിപ്പായും രാജൻ തിളങ്ങി.
2021ലെ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് മറ്റൊരു സ്ഥാനാർഥിയെ തിരയേണ്ടിവന്നില്ല. മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനുമായിരുന്നു പ്രധാന എതിരാളികൾ. 76,657 വോട്ടുകൾ നൽകി ഒല്ലൂർ രാജനൊപ്പം അടിയുറച്ചുനിന്നു. 21,506 വോട്ടിന്റെ ഭൂരിപക്ഷം.
രണ്ടാം പിണറായി മന്ത്രിസഭയിൽ അവരുടെ എം.എൽ.എയെ കാത്തിരുന്നത് മന്ത്രിസഭയിലെ രണ്ടാമൻ എന്ന പദവിയായിരുന്നു. റവന്യൂ, സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ്, ഭൂപരിഷ്കരണ, ഭവന വകുപ്പ് മന്ത്രിയായി തിളങ്ങി. പുത്തൂർ സുവോളജിക്കൽ പാർക്ക്, പട്ടയ വിതരണം, മികച്ച റോഡുകൾ എന്നിവയിലൂടെ ജനഹൃദയങ്ങളിൽ ഇടംപിടിച്ചു. കിഫ്ബി ഫണ്ട് ഫലപ്രദമായി വിനിയോഗിച്ച മണ്ഡലങ്ങളിൽ മുന്നിലെത്തി. ഒല്ലൂരിലെ പി.ഡബ്ല്യു.ഡി റോഡുകൾ എല്ലാം ബി.എം.ബി.സി ആക്കി. വയനാട് ടൗൺഷിപ്പ് നിർമാണത്തിനായി ചുക്കാൻ പിടിച്ചു. അതേസമയം, തൃശൂർ പൂരം കലക്കൽ, പൊലീസിലെ സംഘിവത്കരണം, കോർപറേഷനിലെ ഇടതുഭരണകാലത്തെ പിടിപ്പുകേടുകൾ എന്നിവക്കെതിരെ സി.പി.ഐ ഉയർത്തിയ എതിർശബ്ദങ്ങൾ മുഖവിലക്കെടുക്കാത്തതിൽ അമർഷമുണ്ട്.
കോണ്‍ഗ്രസിലെ ഷാജി ജെ. കോടങ്കണ്ടത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി. പാലിയേക്കര ടോള്‍പ്ലാസയിലെ കൊള്ളക്കെതിരെ കോടതി ഉത്തരവിലൂടെ ഒന്നരമാസക്കാലം പിരിവ് നിര്‍ത്തിവെക്കാന്‍ കഴിഞ്ഞത് ഷാജിയുടെ പോരാട്ടത്തിലൂടെയായിരുന്നു. അറിയപ്പെടുന്ന അഭിഭാഷകൻ എന്നതിലുപരി പൊതു താൽപര്യ ഹരജികളിലൂടെ ജനകീയ ഇടപെടൽ നടത്തുന്ന പൊതുപ്രവർത്തകൻ കൂടിയായ ഷാജി, കെ. രാജന് മികച്ച എതിരാളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

