47 നാൾ, ടോളില്ലാ സന്തോഷം
text_fieldsആഗസ്റ്റ് ആറിന് ടോൾ നിർത്തിവെക്കാനുള്ള വിധി വന്നതിനെ തുടർന്ന് പാലിയേക്കര ടോൾ പ്ലാസയിലെത്തി അഡ്വ. ഷാജി കോടങ്കണ്ടത്തും സഹപ്രവർത്തകരും ടോൾ പിരിവ് നിർത്തിവെപ്പിക്കുന്നു (ഫയൽ)
തൃശൂർ: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും മൂലം ഹൈകോടതി ഇടപെടലിൽ പാലിയേക്കരയിൽ ടോൾ ഇല്ലാതായത് 47 ദിവസം. ടോൾ പിരിക്കാതിരുന്നതോടെ വാഹന യാത്രക്കാർക്ക് ലാഭം 24.44 കോടി രൂപയോളം. തകർന്നുകിടന്ന ദേശീയപാതയിലെ കുണ്ടും കുഴിയും ചാടിയും ഗതാഗതക്കുരുക്കിൽ വലഞ്ഞും മാസങ്ങളോളം ദുരിതം അനുഭവിച്ചവർക്കാണ് ഹൈകോടതി ഇടപെടലിലൂടെ 47 ദിവസം ആശ്വാസം ലഭിച്ചത്.
ആഗസ്റ്റ് ആറിനാണ് പാലിയേക്കരയിൽ ടോൾ നിർത്തിവെച്ച് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളുകയും ഹൈകോടതിയോട് മേൽനോട്ടത്തിന് നിർദേശിക്കുകയായിരുന്നു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് തുടങ്ങിയവരുടെ ഹരജിയിലാണ് ആഗസ്റ്റ് ആറിന് നാലാഴ്ചത്തേക്കാണ് ആദ്യം ടോൾ നിർത്തിവെച്ചത്. എന്നാൽ, ദേശീയപാതയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയപാത അതോറിറ്റിക്കും കരാറുകാർക്കും സാധിക്കാതിരുന്നതോടെ ഇത് 47 ദിവസമായി നീളുകയായിരുന്നു. വെള്ളിയാഴ്ചയാണ് സെപ്റ്റംബർ 22 മുതൽ ടോൾ പിരിക്കാമെന്ന തീരുമാനം ഹൈകോടതി കൈക്കൊണ്ടത്.
ഹൈകോടതി ഉത്തരവ് പ്രകാരം തൃശൂർ ജില്ല കലക്ടർ ചെയർമാനായി ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതിയെയും നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ഇടപെടലാണ് ദേശീയപാതയിലെ 18 ഇടങ്ങളിലെ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ സഹായകമായത്. ഒരു ദിവസം ദേശീയപാതയിലൂടെ 74,000 വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്നാണ് ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതിയുടെ കണ്ടെത്തൽ. പ്രതിദിനം ശരാശരി ടോളിലെ വരുമാനം 52 ലക്ഷം രൂപയാണ്. സെപ്റ്റംബർ ഒന്ന് മുതൽ ടോൾ നിരക്ക് വർധിപ്പിച്ച് കരാർ കമ്പനി നോട്ടിസും പുറത്തിറക്കിയിരുന്നു. അഞ്ച് മുതൽ 15 രൂപ വരെയുള്ള ഈ വർധന നടപ്പായാൽ പ്രതിദിന വരുമാനം 55 ലക്ഷത്തിന് മുകളിലാകും. മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിൽ കോടതി മേൽനോട്ടം ഉണ്ടായാൽ അടിപ്പാത നിർമാണം അടക്കം വേഗത്തിലാകുമെന്നും പ്രതീക്ഷയുണ്ട്.
ദേശീയപാതയിൽ ഒരേസമയം അഞ്ചിടത്ത് അടിപ്പാത നിർമാണം ആരംഭിക്കുകയും സർവിസ് റോഡുകൾ തകരുകയും ചെയ്തതോടെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. കോടതി ഇടപെടലും ഇടക്കാല സമിതി പ്രവർത്തനവും സർവിസ് റോഡുകൾ നന്നാക്കലും കാരണം ഇപ്പോൾ കാര്യമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നില്ല. ഏറ്റവും തിരക്കേറിയ ഓണക്കാലത്തും ഗതാഗതക്കുരുക്കിന്റെ പ്രയാസം വലിയ തോതിൽ അനുഭവിച്ചിരുന്നില്ല.
ടോൾ പകുതിയാക്കണം -ഷാജി കോടങ്കണ്ടത്ത്
തൃശൂർ: മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിൽ ഗതാഗതം പൂർണമായും ദേശീയപാതയിലൂടെയല്ലാത്ത സാഹചര്യത്തിൽ പാലിയേക്കരയിലെ ടോൾ നിരക്ക് പകുതിയാക്കണമെന്ന് വിഷയത്തിലെ ഹരജിക്കാരൻ അഡ്വ. ഷാജി കോടങ്കണ്ടത്ത്. അടിപ്പാത നിർമാണം പൂർത്തിയായി ഗതാഗതം സുഗമമാകും വരെ ടോൾ പകുതിയാക്കി നിലനിർത്തണം. ഇക്കാര്യം ഹൈകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സെപ്റ്റംബർ ഒന്ന് മുതൽ ടോൾ നിരക്കിൽ വരുത്തിയ വർധന ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലിയേക്കര ടോൾ 2028 വരെ നീട്ടിയ നടപടി സംബന്ധിച്ച ഹരജിയിൽ തീരുമാനം വേഗം കൈക്കൊള്ളമെന്ന് ഹൈകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

