ചേറ്റുവ പാലത്തിലെ കുഴികൾ ഭീഷണിയാകുന്നു
text_fieldsചേറ്റുവ പാലത്തിൽ കുഴിയിലെ കമ്പികൾ പുറത്തായ നിലയിൽ
ചേറ്റുവ: ദേശീയ പാതയിൽ ചേറ്റുവ പാലത്തിലെ കുഴികൾ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. മഴയിൽ വൻകുഴികളാണ് രൂപപ്പെട്ടത്. പാലത്തിലെ ഇരുമ്പ് പട്ടയും കൂർത്ത കമ്പിയും പുറത്തായ നിലയിലാണ്. ഇത് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നത്. പാലത്തിലെ കുഴിയിൽ ചാടാതിരിക്കാൻ വാഹനങ്ങൾ പെട്ടെന്ന് നിർത്തുമ്പോഴും വാഹനങ്ങൾ വെട്ടിച്ചു മാറ്റുമ്പോഴും അപകടങ്ങൾ ഉണ്ടാകുവാൻ സാധ്യത ഏറെയാണ്. പാലത്തിൽ ഇരുവശങ്ങളിലായി കൂടിക്കിടക്കുന്ന മണലും ഭീഷണിയാകുന്നുണ്ട്.
മണൽ മൂലം വാഹനങ്ങൾ അപകടത്തിൽപെട്ടാൽ ദേശീയപാത കരാർ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാടാനപ്പള്ളി പൊലീസിൽ മാസങ്ങൾക്കു മുമ്പ് പൊതു പ്രവർത്തകൻ ലത്തീഫ് പരാതി നൽകിയിരുന്നു. വൻ തിരക്കാണ് പാലത്തിൽ അനുഭവപ്പെടുന്നത്. വലിയ കണ്ടെയ്നർ വാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ചരക്ക് വാഹനങ്ങളും ചേറ്റുവ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. പാലത്തിൽ പത്തിലധികം കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. കരാർ കമ്പനി അധികൃതർ പാലത്തിലൂടെ പലതവണ കടന്നു പോകുമ്പോഴും അവഗണിക്കുകയാണ്. കുഴിയിൽ വീണ് അപകടം ഉണ്ടാകുന്നതിന് മുമ്പ് കുഴികളടച്ച് വാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

