നിപ: ജില്ലയിലും ജാഗ്രത
text_fieldsതൃശൂർ: പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ തൃശൂർ ജില്ലയിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു.പനിയോടൊപ്പം ശക്തമായ തലവേദന, തൊണ്ടവേദന, പേശീവേദന, ചുമ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ക്ഷീണം, ഛർദി, തളർച്ച, കാഴ്ച മങ്ങൽ, മാനസിക വിഭ്രാന്തി, ബോധക്ഷയം എന്നിവയാണ് നിപയുടെ പ്രധാന രോഗലക്ഷണങ്ങൾ.
ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിക്കുക, രോഗികളെ പരിചരിക്കുന്നവർ എൻ-95 മാസ്കും കൈയുറകളും ഉപയോഗിക്കുക, കൈകൾ ഇടക്കിടെ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് വൃത്തിയാക്കുക, കൈകൾ പല സ്ഥലങ്ങളിലും സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കുക, രോഗീസന്ദർശനവും പകർച്ചവ്യാധി സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും ഒഴിവാക്കുക, രോഗലക്ഷണങ്ങളുള്ളവർ ഉപയോഗിച്ച വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും പുഴുങ്ങി അലക്കി ഉണക്കുക, മുറിവുകൾ, വ്യക്തിഗത സാധനങ്ങൾ എന്നിവ അണുനാശിനി ഉപയോഗിച്ച് ശുചീകരിക്കുക തുടങ്ങിയവയാണ് രോഗപ്രതിരോധ മാർഗങ്ങൾ.
നിപ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. നിപ വൈറസിനെതിരെയുള്ള പകർച്ചവ്യാധി നിരീക്ഷണ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്.രോഗബാധയുടെ ലക്ഷണങ്ങൾ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാൻ എല്ലാ സർക്കാർ-സ്വകാര്യ ആശുപത്രികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോടെയുള്ള ജന്തുജന്യ രോഗ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുമെന്നും ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

