കൊടുങ്ങല്ലൂരിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു
text_fieldsകൊടുങ്ങല്ലൂർ: താലൂക്ക് ഗവ. ആശുപത്രിയുടെ തെക്കുവശത്തുള്ള റോഡിൽ വൺവേ നടപ്പാക്കാനും ഈ റോഡിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ് നിരോധിക്കാനും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു.
താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി തെക്കുഭാഗത്ത് പുതുതായി നിർമിച്ച കെട്ടിടത്തിലേക്ക് മാറ്റിയതിനാൽ ഈ റോഡിൽ തിരക്ക് വർധിച്ചിട്ടുണ്ട്. കൂടാതെ ഇവിടെ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾക്ക് ആശുപത്രിയിലേക്ക് പ്രവേശിക്കാൻ പ്രയാസവും അനുഭവപ്പെടുന്നു. ഈ സാഹചര്യത്തിൽ, ക്ഷേത്രത്തിന് വടക്ക് ഭാഗത്തുള്ള ഈ റോഡിൽ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് മാത്രമേ വാഹനഗതാഗതം അനുവദിക്കൂ.
ഇത് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. സിവിൽ സ്റ്റേഷന് പിറകിലുള്ള എസ്.ബി.ഐ റോഡിലും ചന്തപ്പുര ബസ് സ്റ്റാൻഡിന് സമീപത്തെ ദളവാക്കുളം റോഡിലും വാഹനങ്ങളുടെ അനധികൃത പാർക്കിങ് നിരോധിച്ചിട്ടുണ്ട്. റോഡ് പണി നടക്കുന്നതിനാൽ തൃശൂരിൽനിന്ന് കൊടുങ്ങല്ലൂരിലേക്കുള്ള ബസുകൾ എസ്.എൻ പുരം വഴി വന്ന് ചന്തപ്പുര ബസ് സ്റ്റാൻഡിൽ ട്രിപ്പ് അവസാനിപ്പിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.
ഇത് പരിഹരിക്കാൻ തൃശൂരിൽനിന്നുള്ള ബസുകൾ വടക്കെ നടയിലേക്ക് വന്ന് ക്ഷേത്രം ചുറ്റി വൺവേ റോഡ് വഴി ബസ് സ്റ്റാൻഡിൽ എത്തണം. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, പൊലീസ്, റവന്യു, ആർ.ടി.ഒ, പൊതുമരാമത്ത് വകുപ്പ്, മുനിസിപ്പൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.