പ്രതീക്ഷകളോടെ കച്ച മുറുക്കി മുന്നണികൾ
text_fields2008ലാണ് കൊടുങ്ങല്ലൂർ നിയമസഭ മണ്ഡലം നിലവിൽ വന്നത്. പഴയ മാള മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന മാള, പൊയ്യ, അന്നമനട, കുഴൂർ, പുത്തൻചിറ പഞ്ചായത്തുകൾ ഇപ്പോൾ ഈ മണ്ഡലത്തിന്റെ ഭാഗമാണ്. കൊടുങ്ങല്ലൂർ നഗരസഭയും വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തും ചേരുന്നതാണ് നിലവിലെ കൊടുങ്ങല്ലൂർ നിയമസഭ മണ്ഡലം.
1957 മുതൽ തുടർച്ചയായി ഒമ്പത് തവണ കെ. കരുണാകരൻ മാള മണ്ഡലത്തെ പ്രതിനിധീകരിച്ചു. പഴയ മാള മണ്ഡലം കെ. കരുണാകരന്റെ കാലത്ത് യു.ഡി.എഫ് കോട്ട ആയിരുന്നെങ്കിൽ, ഇന്നത്തെ കൊടുങ്ങല്ലൂർ എൽ.ഡി.എഫ് ചായ്വുള്ള മണ്ഡലമായാണ് വിലയിരുത്തപ്പെടുന്നത്. പഞ്ചായത്ത് ഉൾപ്പെടെ മേഖലകളിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ശക്തമായ സ്വാധീനമുണ്ട്. അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് പുതിയ മണ്ഡലമായ കൊടുങ്ങല്ലൂരില്‍ ഇടത് പാരമ്പര്യം തകര്‍ത്ത് 2011ല്‍ ടി.എന്‍. പ്രതാപന് വിജയിച്ചു. പഴയ മാള മണ്ഡലത്തിലെ പഞ്ചായത്തുകൾ കൂടി ഉൾപ്പെട്ടതോടെ കൊടുങ്ങല്ലൂരിലെ രാഷ്ട്രീയചിത്രം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. പുതിയ രൂപത്തിലുള്ള കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ പഴയ മാള മണ്ഡലത്തിലെ യു.ഡി.എഫ് സ്വാധീനം പ്രകടമായിരുന്നെങ്കിലും 2016ൽ ചിത്രം മാറി. 2016ല്‍ മണ്ഡലം സി.പി.ഐ തിരിച്ചുപിടിച്ചു. വി.ആര്. സുനില്‍ കുമാറാണ് വിജയിച്ചത്. 2021ലും സുനില്‍ കുമാര്‍ വിജയം ആവര്‍ത്തിച്ചു. സുനിൽകുമാർ തന്റെ രണ്ടാം വരവ് കൂടുതൽ മെച്ചപ്പെട്ട നിലയിലാക്കി.
സിറ്റിങ് എം.എൽ.എ വി.ആർ. സുനിൽകുമാറിനെ തന്നെയാണ് ഇത്തവണയും ഇടതുമുന്നണി മത്സരിപ്പിക്കുന്നത്. യു.ഡി.എഫ് യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയും യുവ നേതാവുമായ ഒ.ജെ. ജനീഷിനെയാണ് കളത്തിലിറക്കിയത്. എൻ.ഡി.എ സ്ഥാനാർഥിയായി ട്വന്റി 20 നേതാവ് ഡോ. വർഗീസ് ജോർജും ശക്തമായ സാന്നിധ്യമാണ്.
പഴയ മാള മണ്ഡലത്തിലെ മാള, പൊയ്യ, അന്നമനട, കുഴൂർ പഞ്ചായത്തുകളിൽ ഇപ്പോഴും യു.ഡി.എഫിന് ശക്തമായ സ്വാധീനമുണ്ട്. കൊടുങ്ങല്ലൂർ നഗരസഭയിലും വെള്ളാങ്ങല്ലൂർ, പുത്തൻചിറ തുടങ്ങിയ പഞ്ചായത്തുകളിലും എൽ.ഡി.എഫ് നേടുന്ന വലിയ ലീഡാണ് കഴിഞ്ഞ രണ്ട് തവണയും വിജയത്തിൽ നിർണയകമായത്. എങ്കിലും ഈഴവ-മുസ്ലിം വോട്ടുകളുടെ ഏകോപനമാണ് കൊടുങ്ങല്ലൂരിൽ പലപ്പോഴും വിജയിയെ നിശ്ചയിക്കുന്നത്.
2026ലെ തെരഞ്ഞെടുപ്പിൽ പ്രത്യക്ഷപ്പെട്ട ട്വന്റി 20, ആം ആദ്മി പാർട്ടി തുടങ്ങിയ പുതിയ ശക്തികളുടെ സാന്നിധ്യം ഈ പരമ്പരാഗത വോട്ടുബാങ്കുകളിൽ എത്രത്തോളം വിള്ളലുണ്ടാക്കുമെന്ന ചോദ്യമുയരുന്നുണ്ട്. ട്വന്റി 20 നിലവിൽ എൻ.ഡി.എ മുന്നണിയിൽ ലയിച്ചിട്ടുണ്ട്. മാള പ്രദേശം ഉൾപ്പെടുന്ന കൊടുങ്ങല്ലൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ആവേശകരമായ പോരാട്ടത്തിലേക്കാണ് നീങ്ങുന്നത്. വി.ആർ. സുനിൽ കുമാറിന്റെ പ്രത്യേകത ലളിതമായ ജീവിതശൈലിയും ജനങ്ങളുമായുള്ള അടുത്ത ബന്ധവുമാണ്. മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന വി.കെ. രാജന്റെ മകനായ അദ്ദേഹം, പിതാവിന്റെ ജനകീയ പാതയാണ് പിന്തുടരുന്നത്. മണ്ഡലത്തിലെ പ്രാദേശിക പ്രശ്നങ്ങൾ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാറുണ്ട്. പരിസ്ഥിതി, കൃഷി തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ സ്വീകരിക്കാറുണ്ട്.
മണ്ഡലത്തിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന യുവനേതാവാണ് യു.ഡി.എഫ് സ്ഥാനാർഥി ഒ.ജെ. ജനീഷ്. വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന വ്യക്തിയായതുകൊണ്ട് തന്നെ യുവാക്കൾക്കിടയിൽ നല്ല സ്വാധീനമുണ്ട്. നിയമബിരുദധാരിയായ അദ്ദേഹം കൃത്യമായ രാഷ്ട്രീയ നിലപാടുകളും ഭരണഘടനാപരമായ അറിവും ഉയർത്തിപ്പിടിക്കുന്ന നേതാവായാണ് അറിയപ്പെടുന്നത്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ, തീരദേശ പ്രശ്നങ്ങൾ, കാർഷിക മേഖലയിലെ വെല്ലുവിളികൾ എന്നിവയിലാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മണ്ഡലത്തിൽ ഇതിനകം ശ്രദ്ധേയനായ സ്ഥാനാർഥിയായി മാറാൻ ജനീഷിന് സാധിച്ചിട്ടുണ്ട്. യു.ഡി.എഫ് എക്കാലവും ഇല്ലാത്തത്ര ശക്തമായ ഒരുമയോടുകൂടിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
എൻ.ഡി.എ സ്ഥാനാർഥിക്ക് നിലവിലെ വോട്ട് നിലയിൽ ഒരുപാട് ഇടിയാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ആ വോട്ടുകൾ ഇടതുപക്ഷത്തേക്ക് ചായുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇത് യു.ഡി.എഫിന് ക്ഷീണം ഉണ്ടാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇതിനെ മറികടക്കാനായാൽ യു.ഡി.എഫ് വിജയം ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

