വിശ്വനാഥപുരം കാവടി പൂരം; ഇരിങ്ങാലക്കുടയിൽ വിപുലമായ സുരക്ഷ, വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം
text_fieldsഇരിങ്ങാലക്കുട: വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തോടനുബന്ധിച്ച് നഗരത്തിൽ വിപുലമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
വെള്ളിയാഴ്ച നടക്കുന്ന പൂരത്തിന് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്. ഉത്സവത്തിനെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രത്യേക പൊലീസ് സംഘത്തെ വിന്യസിക്കും.
ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. ആൾക്കൂട്ടത്തെ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മഫ്തി പൊലീസ്, ബൈക്ക് പട്രോളിങ്, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി പിങ്ക് പൊലീസ് എന്നിവയുമുണ്ടാകും. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഡാന്സഫ് സംഘത്തെയും നിയോഗിച്ചു. മുൻകരുതലിന്റെ ഭാഗമായി സ്ഥിരം കുറ്റവാളികൾക്കെതിരെ കരുതൽ അറസ്റ്റ് നടപടികൾ സ്വീകരിക്കും.
ഗതാഗത നിയന്ത്രണം വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടുവരെയും വൈകീട്ട് ഏഴു മുതൽ രാത്രി 10 വരെയും
- കൊടുങ്ങല്ലൂർ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ വെള്ളാങ്ങല്ലൂർനിന്നും അരിപ്പാലം ഭാഗത്തേക്ക് തിരിഞ്ഞ് എടക്കുളം ചേലൂർ വഴി ചെട്ടിപ്പറമ്പ് വഴി ബസ് സ്റ്റാൻഡിൽ എത്തി സിവിൽ സ്റ്റേഷൻ വഴി മാപ്രാണത്തേക്ക് പോകേണ്ടതാണ്.
- തൃശൂർ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ മാപ്രാണത്തുനിന്ന് സിവിൽ സ്റ്റേഷൻ വഴി ബസ് സ്റ്റാൻഡിലെത്തി അയ്യങ്കാവ് മൈതാനം വഴി മൂന്നുപീടിക ഹൈവേയിൽ എത്തി ചേലൂർ എടക്കുളം വഴി വെള്ളാങ്ങല്ലൂരിലേക്ക് പോകേണ്ടതാണ്.
- ചാലക്കുടി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ വല്ലക്കുന്നിൽനിന്നും തിരിഞ്ഞ് മാപ്രാണം റോഡിൽ എത്തേണ്ടതാണ്.
- ചാലക്കുടിക്ക് മൂന്നുപീടിക ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ചെട്ടിപ്പറമ്പിൽനിന്നും ബസ് സ്റ്റാൻഡ് കൂടി സിവിൽ സ്റ്റേഷൻ വഴി മാപ്രാണത്ത് എത്തേണ്ടതാണ്.
- കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും ചാലക്കുടിക്ക് പോകുന്ന വാഹനങ്ങൾ വെള്ളാങ്ങല്ലൂർനിന്നും കൊമ്പിടി വഴി പോകേണ്ടതാണ്.
- വിവിധ ദേശക്കാരുടെ കാവടികൾ കടന്നുപോകുന്ന എല്ലാ സ്ഥലങ്ങളിലും ട്രാഫിക് നിയന്ത്രണങ്ങളും അപകടങ്ങളും അനിഷ്ടസംഭവങ്ങളും ഒഴിവാക്കുന്നതിനായി പട്രോളിങ്, പിക്കറ്റ് എന്നീ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
- സുരക്ഷ നടപടികൾ ജില്ല കൺട്രോൾ റൂം, ജില്ല സ്പെഷൽ ബ്രാഞ്ച് ഓഫിസുകൾ എന്നിവയുടെ മേൽനോട്ടത്തിൽ നിരീക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

