വേനൽചൂട് രൂക്ഷം; തീപിടിത്തം വ്യാപകം, പരക്കംപാഞ്ഞ് സേന
text_fieldsകഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തം അണക്കുന്ന അഗ്നിരക്ഷ സേനാംഗങ്ങൾ
തൃശൂർ: ചൂടിന്റെ ആധിക്യം കൂടുകയും ഒപ്പം കാറ്റ് വീശുകയും ചെയ്യുന്നതിനാൽ തീപിടിത്തം വ്യാപകമായി. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ തൃശൂർ അഗ്നിരക്ഷ സേനയുടെ പരിധിയിൽ തീയണക്കാൻ സഹായം തേടി 40ഓളം വിളികളാണ് എത്തിയത്.
പാടത്തിന്റെ പരിസരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് സേന മുന്നറിയിപ്പ് നൽകുന്നു. വീടിന് ചുറ്റും അടിക്കാട് പടർന്നിട്ടുണ്ടെങ്കിൽ വെട്ടിമാറ്റി ഫയർ ലൈൻ സ്ഥാപിക്കണം. പാടങ്ങളിലെ പത്തടി ഉയരമുള്ള പുല്ലും ചെടികളും വെള്ളം നിറഞ്ഞ പാടത്തെ ചതുപ്പും വെള്ളത്തിൽ പന്നി, പാമ്പ് പോലെയുള്ളവയുടെ സാന്നിധ്യവും രക്ഷാപ്രവർത്തനം ദുസ്സഹക്കുന്നുണ്ട്.
അരണാട്ടുകരയിൽ 300 ഏക്കറോളം വരുന്ന പാടത്ത് പടർന്ന തീ അണക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് കാറ്റിന്റെ ഗതി മാറി കനത്ത പുകയിൽ അകപ്പെട്ട് ഏഴ് സേനാംഗങ്ങൾക്ക് ശ്വാസതടസ്സം നേരിട്ടു. ഇവർക്ക് ജീവന് തന്നെ ഭീഷണി നേരിടേണ്ടി വന്നു. ഈ തീപിടിത്തത്തിൽ സേനയുടെ നാല് ഹോസുകൾ കത്തിപ്പോയി.
15 അഗ്നിരക്ഷ സേനാഗംങ്ങൾ അഞ്ച് സ്ഥലങ്ങളിൽനിന്ന് മണിക്കൂറോളം മൂന്ന് ദിവസം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ജനവാസ മേഖലയിലേക്ക് കനത്ത പുക ഉയർന്നത് നിയന്ത്രിക്കാനും ഏറെ പണിപ്പെട്ടു.
തൃശൂർ റെയിൽവേ സ്റ്റേഷനടുത്ത് വഞ്ചിക്കുളത്ത് നൂറേക്കറോളം വരുന്ന പാടത്തെ തീ സേനയുടെ മൂന്ന് യൂനിറ്റുകൾ വിവിധ സ്ഥലങ്ങളിൽനിന്ന് എട്ട് മണിക്കൂറോളം പ്രവർത്തിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. അഗ്നിബാധയും പുകയും കാരണം മൂന്ന് ട്രെയിനുകൾ മണിക്കൂറുകളോളം നിർത്തിയിടേണ്ടി വന്നു. പുഴക്കൽ പാടത്ത് ഏക്കർ കണക്കിന് സ്ഥലത്തെ അഗ്നിബാധയും പുകയും കനത്ത വെല്ലുവിളി സൃഷ്ടിച്ചു.
മണിക്കൂറുകളോളം എടുത്താണ് ഇത് നിയന്ത്രണ വിധേയമാകിയത്. തൃശൂർ-കോഴിക്കോട് പാതയുടെ ഇരുവശത്തായുള്ള പാടത്തെ തീപിടിത്തവും പുകയും റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു.
നടത്തറ, പുത്തൂർ പഞ്ചായത്തുകളിലെ പരിസരങ്ങളിൽ കാട്ടുതീ പടരുന്നുണ്ട്. മുല്ലക്കര മുളയം ഭാഗത്ത് പവർ ഗ്രിഡിന്റെ 40 കെ.വി ഇലക്ട്രിക് ലൈനിന്റെ താഴെയുണ്ടായ അഗ്നിബാധ മണിക്കൂറുകളോളം എടുത്ത് ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.
നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളിയയിൽ തൃശൂർ കോർപറേഷൻ മാലിന്യ സംസ്കരണ പ്ലാന്റിന് ഉദ്ദേശിച്ച 80 ഏക്കറോളം സ്ഥലത്ത് 28ന് രാവിലെ തുടങ്ങിയ അഗ്നിബാധ രാത്രി രണ്ടോടെയാണ് നിയന്ത്രണ വിധേയമാക്കിയത്.
അഗ്നിബാധ തടയാൻ തൃശൂർ അഗ്നിരക്ഷ നിലയത്തിലെ മുഴുവൻ സേനാംഗങ്ങളും രാപ്പകലില്ലാതെ പ്രയത്നിക്കുകയാണെന്നും പറമ്പിലെ പുല്ലിന് തീയിടുന്നതും പാഴ്വസ്തുക്കൾ കത്തിക്കുന്നതും ഈ സമയങ്ങളിൽ ഒഴിവാക്കണമെന്നും സേന അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

