പാവറട്ടി: ഗതാഗത തടസ്സമുണ്ടാക്കി 'നോ പാർക്കിങ്' സ്ഥലത്ത് വാഹനം നിർത്തിയത് ചോദ്യം ചെയ്ത എസ്.ഐയുടെ കാലിൽ കാർ കയറ്റിയെന്ന് പറഞ്ഞ് തനിക്കെതിരെ പാവറട്ടി പൊലീസ് കേസെടുത്തതും അക്കാര്യം പ്രചരിപ്പിക്കുന്നതും തെറ്റായ രീതിയിലാണെന്ന് വെൻമേനാട് കുപ്പത്ത് വീട്ടിൽ മുഹമ്മദ് ബഷീർ (55) അറിയിച്ചു.
പൊലീസിെൻറ നിരുത്തരവാദപരമായ പെരുമാറ്റം ചോദ്യം ചെയ്തതിന് തെറ്റായ വിവരം മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു. സംഭവത്തിെൻറ വിഡിയോ ക്ലിപ്പിങ് കൈവശമുണ്ട്. പുവത്തൂരിൽ കടയുടെ മുന്നിൽ പാർക്ക് ചെയ്ത തന്നോട് കാറിൽനിന്ന് ഇറങ്ങാനും സ്റ്റേഷനിലേക്ക് വരാനും എസ്.ഐ ആവശ്യപ്പെട്ടു.
കുടുംബാംഗങ്ങളെ വീട്ടിലാക്കി സ്റ്റേഷനിൽ എത്താമെന്ന് അറിയിെച്ചങ്കിലും സമ്മതിച്ചില്ല. വാഹനം മുന്നോട്ട് എടുത്തപ്പോൾ പിന്തുടർന്നുവന്ന് താക്കോൽ എടുക്കാൻ ശ്രമിക്കുകയും താടിയിൽ പിടിച്ച് വലിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു. പിന്നീട് സി.ഐ എത്തി നോട്ടീസ് തന്ന് രാവിലെ സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. എന്നാൽ, രാവിലെ പൊലീസ് വീട്ടിലെത്തി ബലമായി കാറിൽ കയറ്റി സ്റ്റേഷനിലെത്തിച്ച് എസ്.ഐയുടെ കാലിൽ കാർ കയറ്റിയെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ബഷീർ പറഞ്ഞു.