ആരുവാഴും? ചാലക്കുടിക്കാരൻ ചങ്ങാതിയോ, ചാലക്കുടിയുടെ ചങ്ങാതിയോ
text_fieldsചാലക്കുടി മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഡ്വ. ചാർളി പോളിന് കൊരട്ടി കോനൂരിൽ നൽകിയ സ്വീകരണം
ചാലക്കുടി: ചാലക്കുടി മണ്ഡലത്തിലേക്കുള്ള ഇത്തവണത്തെ മത്സരം പ്രവചനങ്ങൾക്ക് അപ്പുറത്താണ്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ കരുത്തുറ്റ സ്ഥാനാർഥികളെ രംഗത്തിറക്കി പഴുതടച്ചുള്ള വൻ പ്രചാരണമാണ് നടത്തുന്നത്. പ്രാദേശികതയും വികസനവുമാണ് പ്രചാരണത്തിന്റെ പ്രധാന അജണ്ടകൾ. ചാലക്കുടിക്കാരൻ ചങ്ങാതിയെ വിജയിപ്പിക്കണോ, ചാലക്കുടിക്കാരുടെ ചങ്ങാതിയെ വിജയിപ്പിക്കണോയെന്നതാണ് വോട്ടർമാരുടെ മുന്നിൽ ഉയരുന്ന പ്രധാന ചോദ്യം.
2006 മുതൽ കഴിഞ്ഞ 2026 വരെ നടന്ന നാല് നിയമസഭ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി മൂന്ന് വട്ടം എൽ.ഡി.എഫും പിന്നീട് യു.ഡി.എഫും വിജയം കണ്ട മണ്ഡലമാണ് ചാലക്കുടി. കഴിഞ്ഞ തവണ ജില്ലയിലെ യു.ഡി.എഫിന്റെ കൂട്ടത്തോൽവിയിൽനിന്ന് രക്ഷിച്ച ഏക മണ്ഡലം കൂടിയാണ് ചാലക്കുടി. 2006ൽ സിറ്റിങ് എം.എൽ.എയായിരുന്ന കോൺഗ്രസിലെ സാവിത്രി ലക്ഷ്മണൻ സി.പി.എമ്മിലെ ബി.ഡി. ദേവസ്സിയോട് 14,555 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഇതോടെ ചാലക്കുടിയിൽ ഇടതുപക്ഷത്തിന്റെ തേരോട്ടമായിരുന്നു. 2011ൽ കോൺഗ്രസിലെ കെ.ടി. ബെന്നി സി.പി.എമ്മിലെ ബി.ഡി. ദേവസ്സിയോട് 2,549 വോട്ടുകൾക്ക് പരാജയപ്പെട്ടു. 2016ലും ബി.ഡി. ദേവസ്സി തന്നെയായിരുന്നു ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി. എതിരാളി കോൺഗ്രസിലെ ടി.യു. രാധാകൃഷ്ണനെ 26,648 വോട്ടുകൾക്ക് തോൽപ്പിച്ചു. എന്നാൽ, 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ സീറ്റ് ഇടതുപക്ഷം ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിന് കൈമാറി. ഇതോടെ സീറ്റ് എൽ.ഡി.എഫിന് നഷ്ടപ്പെട്ടു. കേരള കോൺഗ്രസ് എം സ്ഥാനാർഥിയായ ഡെന്നീസ് കെ. ആൻറണി കോൺഗ്രസിലെ സനീഷ് കുമാർ ജോസഫിനോട് 1057 വോട്ടുകൾക്ക് പരാജയപ്പെട്ടു.
ഇത്തവണയും യു.ഡി.എഫ് സനീഷ് കുമാർ ജോസഫിനെ തന്നെയാണ് പടനയിക്കാൻ നിയോഗിച്ചിട്ടുള്ളത്. ഇടതു മുന്നണി ഇത്തവണയും ചാലക്കുടി സീറ്റ് ഘടകകക്ഷിയായ കേരള കോൺഗ്രസിന് തന്നെ വിട്ടുകൊടുത്തിട്ടുണ്ട്. ചാലക്കുടിയിൽ ജനപ്രിയനായ അഡ്വ. ബിജു എസ്. ചിറയത്ത് ആണ് എൽ.ഡി.എഫ് സ്ഥാനാർഥി. എൻ.ഡി.എ ഇത്തവണ ഏത് വിധവും സീറ്റ് പിടിക്കാൻ ട്വന്റി 20യുടെ പ്രമുഖനും വാഗ്മിയുമായ ചാർളി പോളിനെ പോർമുഖത്ത് അവതരിപ്പിച്ചിട്ടുണ്ട്.
പ്രാദേശികത ഇത്രയേറെ പ്രചാരണത്തിൽ ഉയർത്തിയ തെരഞ്ഞെടുപ്പ് ചാലക്കുടിയിൽ വേറെ ഉണ്ടായിട്ടില്ല. ചാലക്കുടിയുടെ വികസനം യാഥാർഥ്യമാകണമെങ്കിൽ ചാലക്കുടിക്കാരനായ ബിജു എസ്. ചിറയത്തിനെ തെരഞ്ഞെടുക്കണമെന്നാണ് എൽ.ഡി.എഫ് പ്രചാരണം. ചാലക്കുടിക്കാരനായ ബി.ഡി. ദേവസ്സി ജനപ്രതിനിധിയായ കാലഘട്ടത്തിലാണ് ചാലക്കുടിയിൽ ഏറെ വികസനം നടന്നതെന്ന് അവർ പറയുന്നു.
സനീഷ് കുമാർ എം.എൽ.എ ആയതോടെ ചാലക്കുടിയിലെ വികസനം മുരടിച്ചതായി എൽ.ഡി.എഫ് ആരോപിക്കുന്നു. എന്നാൽ, ജന്മം കൊണ്ട് ചാലക്കുടിക്കാരനല്ലെങ്കിലും ചാലക്കുടിക്കാരുടെ ചങ്ങാതിയാണെന്ന് പറഞ്ഞ് പോസ്റ്ററുകൾ ഇറക്കിയാണ് സനീഷ് കുമാറിന്റെ പ്രചാരണം. ഇടതുസർക്കാറിനെതിരായ വികാരം വോട്ടാക്കി മാറ്റി വിജയം ഉറപ്പാക്കാമെന്നും യു.ഡി.എഫ് സ്വപ്നം കാണുന്നു. ചാലക്കുടിയിലെ വിദ്യാർഥികൾക്ക് വേണ്ടി നടപ്പാക്കിയ ചിറക് പദ്ധതിയാണ് യു.ഡി.എഫ് ഉയർത്തിക്കാട്ടുന്നത്.
ചാലക്കുടി നഗരസഭയിൽ അഞ്ച് വട്ടം ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ബിജുവിൽ ഇടതുപക്ഷം ഏറെ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ്. അതേസമയം, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുത്ത പ്രതീക്ഷയിലാണ് യു.ഡി.എഫ്. മുൻ തവണകളിൽ ബി.ഡി.ജെ.എസ്സിന് നൽകാറുള്ള മണ്ഡലത്തിൽ ഇക്കുറി ട്വന്റി 20 സ്ഥാനാർഥിയെയാണ് എൻ.ഡി.എ നിയോഗിച്ചിട്ടുള്ളത്. ക്രൈസ്തവ സ്വാധീനമുള്ള മേഖലയിൽ ചാർളി പോൾ മുന്നേറ്റം കുറിക്കുമെന്നാണ് എൻ.ഡി.എയുടെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

