സാമ്പത്തിക ക്രമക്കേടിൽ വിജിലൻസ് അന്വേഷണം; സി.ഡി.എസ് ചെയർപേഴ്സൻ രാജിവെച്ചു
text_fieldsസരിത കണ്ണൻ
പെരിഞ്ഞനം: കുടുംബശ്രീ സാമ്പത്തിക ക്രമക്കേടിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ സി.ഡി.എസ് ചെയർപേഴ്സൻ രാജിവെച്ചു. പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ സരിത കണ്ണനാണ് പഞ്ചായത്ത് അസി. സെക്രട്ടറിക്ക് രാജി സമർപ്പിച്ചത്.
സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് രാജി. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കുടുംബശ്രീ ജില്ല മിഷന്റെ ആവശ്യപ്രകാരം വിജിലൻസ് അന്വേഷണം നടന്നുവരികയാണ്. പെരിഞ്ഞനം പഞ്ചായത്തിൽ കുടുംബശ്രീ വായ്പകളുടെ തിരിച്ചടവ് അക്കൗണ്ട് രജിസ്റ്ററിൽ രേഖപ്പെടുത്താതെ ഏകദേശം 2,93,7,633 രൂപയുടെ തട്ടിപ്പ് നടത്തിയതായി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
കയ്പമംഗലം പഞ്ചായത്തിലേതുൾപ്പെടെ ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും കുടുംബശ്രീയുടെ പ്രവർത്തനത്തിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് പെരിഞ്ഞനം പഞ്ചായത്തിലെ കുടുംബശ്രീയിലും കുടുംബശ്രീ ജില്ല മിഷൻ റി-ഓഡിറ്റിങ് നിർദേശിച്ചിരുന്നത്.
എന്നാൽ, ഓഡിറ്റിങിന് മുമ്പേ തന്നെ നിലവിലെ അക്കൗണ്ടന്റിനെ എടത്തിരുത്തി പഞ്ചായത്തിലേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. തുടർന്നായിരുന്നു ഓഡിറ്റ് നടത്തി റിപ്പോർട്ട് അസിസ്റ്റൻറ് സെക്രട്ടറിക്ക് കൈമാറിയത്. പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരത്തോടെ കുടുംബശ്രീ ജില്ല മിഷന് റിപ്പോർട്ട് കൈമാറുകയും ചെയ്തിരുന്നു. ഓഡിറ്റ് റിപ്പോർട്ടിലെ ക്രമക്കേട് തെളിവുസഹിതം ബോധ്യപ്പെട്ടതോടെയാണ് ജില്ല മിഷന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായത്.
പെരിഞ്ഞനം പഞ്ചായത്തിൽ പുതിയതായി വന്ന അക്കൗണ്ടന്റാണ് വ്യാപക ക്രമക്കേട് നടന്നതായി തിരിച്ചറിഞ്ഞത്. ഇക്കാര്യം കുടുംബശ്രീയുടെ ചുമതലയുളള പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ധരിപ്പിക്കുകയും തുടർന്ന് സെക്രട്ടറി കുടുംബശ്രീ ജില്ല മിഷന് റിപ്പോർട്ട് സമർപ്പിക്കുകയുമായിരുന്നു. കുടുംബശ്രീ ജില്ല മിഷന് പുറമെ വിജിലൻസും, പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

