അത്താണി ജെ.എം.ജെ സ്കൂളിന് മുന്നിൽ അപകടം തുടർക്കഥ; ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് വിദ്യാർഥികൾ
text_fieldsഅത്താണി ജെ.എം.ജെ സ്കൂളിന് മുന്നിൽ ഗതാഗത നിയന്ത്രണം വിദ്യാർഥികൾ ഏറ്റെടുത്തപ്പോൾ
മുളങ്കുന്നത്തുകാവ്: സീബ്രാലൈനും സുരക്ഷ സംവിധാനങ്ങളുമില്ലാതെ അപകടങ്ങൾ സ്കൂളിന് മുന്നിൽ തുടർ കഥയായപ്പോൾ ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് വിദ്യാർഥികളും രക്ഷിതാക്കളും. ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ അത്താണി ജെ.എം.ജെ സ്കൂൾ പരിസരമാണ് അപകടക്കെണിയായി നില കൊള്ളുന്നത്.
കഴിഞ്ഞദിവസം പത്താം ക്ലാസ് വിദ്യാർഥിയെ വാഹനമിടിച്ചതാണ് ഒടുവിലത്തെ സംഭവം. സ്കൂളിന് മുന്നിൽ നിന്നാണ് അത്താണി പട്ടണത്തിലേക്കുളള ഇരട്ടവരിപ്പാത ആരംഭിക്കുന്നത്.
ഇവിടെനിന്ന് വാഹനങ്ങൾ യു ടേൺ എടുക്കുന്നത് മൂലമുള്ള ഗതാഗതക്കുരുക്കിനിടയിലൂടെ വേണം വിദ്യാർഥികൾക്ക് റോഡ് മുറിച്ചുകടക്കാൻ. രാവിലെയും വൈകീട്ടും സ്റ്റോപ്പ് ബോർഡുകളുമായി കുട്ടികളും രക്ഷിതാക്കളുമാണ് ഗതാഗതം നിയന്ത്രിച്ച് വിദ്യാർഥികളെയും അധ്യാപകരെയുമൊക്കെ കടത്തിവിടുന്നത്.
ചില ദിവസങ്ങളിൽ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കാറുണ്ട്. എന്നാൽ, ഭൂരിഭാഗം ദിവസവും ഒരു സംവിധാനവുമില്ലാത്ത സ്ഥിതിയാണെന്നും ആരോപണമുണ്ട്.
ഇരട്ടവരിപ്പാതക്കിടയിലെ കോൺക്രീറ്റ് ഡിവൈഡറിന്റെ നീളം കൂട്ടണമെന്നും മുന്നറിയിപ്പ് ബോർഡുകളും സീബ്രാ ലൈനുകളും സ്ഥാപിക്കണമെന്നുമാണ് പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതരോട് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ശാശ്വത പരിഹാരം കാണുന്നതു വരെ സ്കൂൾ വിടുന്ന സമയം ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം ഉറപ്പാക്കണമെന്ന് സ്കൂൾ പി.ടി.എ പ്രസിഡന്റ് പുളിയൻമാക്കൽ വീട്ടിൽ അജീഷ്, മറ്റ് രക്ഷിതാക്കൾ തുടങ്ങിയവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

