പ്രഫ. ജെ.എസ്. സത്യദാസ് സ്മാരക ഒറേഷൻ പുരസ്കാരം ഡോ. പി.എസ്. ഷാജഹാന്
text_fieldsഡോ. പി.എസ്. ഷാജഹാൻ
റാന്നി: കേരള ഗവൺമെന്‍റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍റെ (കെ.ജി.എം.സി.ടി.എ) ഈ വർഷത്തെ പ്രഫ. ജെ.എസ്. സത്യദാസ് സ്മാരക ഒറേഷൻ പുരസ്കാരത്തിന് ആലപ്പുഴ മെഡിക്കൽ കോളജിലെ ശ്വാസകോശ വിഭാഗം പ്രഫസറും റാന്നി സ്വദേശിയുമായ ഡോ. പി.എസ്. ഷാജഹാൻ അർഹനായി. കെ.ജി.എം.സി.ടി.എയുടെ പ്രഥമ പ്രസിഡന്‍റും കോട്ടയം മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം മേധാവിയും സൂപ്രണ്ടുമായിരുന്നു പ്രഫ. സത്യദാസ്.
ഒക്ടോബർ 25നു കോഴിക്കോട് മെഡിക്കൽ കോളജിൽവെച്ച് നടന്ന സംഘടനയുടെ 58ാമത് സംസ്ഥാന വാർഷിക സമ്മേളനത്തിൽ 'ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ശ്വാസകോശങ്ങൾ' എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തി. വായു മലിനീകരണം കുറയ്ക്കുക, പുകവലി ഒഴിവാക്കുക, സമീകൃത വ്യായാമങ്ങൾ ശീലമാക്കുക, അണുബാധകൾക്കെതിരേ വാക്സിനുകൾ എടുക്കുക, കാലാവസ്ഥ വ്യതിയാനങ്ങൾ തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കുക എന്നീ അഞ്ചിന പരിപാടികളിലൂടെ ശ്വാസകോശാരോഗ്യം സംരക്ഷിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. വർധിച്ചു വരുന്ന ശ്വാസകോശ രോഗങ്ങളുടെ പാശ്ചാത്തലത്തിൽ ശ്വാസകോശങ്ങളെ അണുബാധകളിൽനിന്നും സംരക്ഷിക്കാൻ മുതിർന്നവരെ ലക്ഷ്യമാക്കിയുള്ള സാർവത്രിക സൗജന്യ വാക്സിനേഷൻ പദ്ധതിക്ക് തുടക്കം കുറിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള ആരോഗ്യ സർവകലാശാലയുടെ പ്രഥമ സെനറ്റ് അംഗമായിരുന്ന ഷാജഹാൻ ശ്വാസകോശ വിദഗ്ദരുടെ സംഘടനയായ അക്കാദമി ഓഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനത്തിലുടനീളം രാഹുൽ ഗാന്ധിയെ അനുഗമിക്കാൻ കേരള ഗവൺമെന്റ് നിയോഗിച്ച പ്രത്യേക മെഡിക്കൽ സംഘത്തിന്റെ തലവനായിരുന്നു. റാന്നി പുറത്തേൽ റിട്ടയേർഡ് അധ്യാപകരായ പി.സി. സുലൈമാന്റേയും പി.എം. ബീവിയുടേയും പുത്രനാണ്. പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ ഷാമിലയാണു ഭാര്യ. സഫർ, ഡോ. സൈറ എന്നിവർ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

