സ്വകാര്യ ബസ് പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ
text_fieldsസ്വകാര്യ ബസ് പണിമുടക്കിനെത്തുടർന്ന് പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ അനുഭവപ്പെട്ട തിരക്ക്
പത്തനംതിട്ട: സ്വകാര്യ ബസുടമ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്കിൽ ജില്ലയിലെ യാത്രക്കാർ വലഞ്ഞു. സ്വകാര്യ ബസുകളൊന്നും ചൊവ്വാഴ്ച നിരത്തിലിറങ്ങിയില്ല. കോന്നി, ചിറ്റാർ, സീതത്തോട്, റാന്നി, മല്ലപ്പള്ളി തുടങ്ങിയ മലയോര മേഖലകളിൽ യാത്രാക്ലേശം രൂക്ഷമായിരുന്നു. ജില്ലയിലെ മിക്ക റൂട്ടുകളിലും സ്വകാര്യ ബസുകൾ മാത്രമാണ് സർവിസ് നടത്തുന്നത്. അതിനാൽ കടുത്ത യാത്രാദുരിതമാണ് അനുഭവപ്പെട്ടത്.
കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസ് നടത്തുമെന്ന് അറിയിച്ചിട്ടും പല റൂട്ടുകളിലും ബസില്ലായിരുന്നു. കൂടുതൽ യാത്രക്കാരുള്ള റൂട്ടുകളിലേക്ക് ബസ് അയച്ചെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചെങ്കിലും യാത്രാക്ലേശം പരിഹരിക്കാനായില്ല. പതിവ് കെ.എസ്.ആർ.ടി.സി സർവിസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ രാവിലെയും വൈകീട്ടും യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
പത്തനംതിട്ട ഡിപ്പോ വൈകീട്ട് യാത്രക്കാരാൽ നിറഞ്ഞു. ഗ്രാമപ്രദേശങ്ങളിലുള്ളവർ ഓട്ടോറിക്ഷകളെ ആശ്രയിച്ചാണ് യാത്ര ചെയ്തത്. ഇത് ഓട്ടോക്കാർക്ക് ചാകരയായി. ഓഫിസ് ജീവനക്കാർ അടക്കമുള്ളവർ ഇരുചക്ര വാഹനങ്ങളിലാണ് എത്തിയത്. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കിലോമീറ്ററിലധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്.
ഒരാഴ്ചക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. ഇതിനിടെ കേന്ദ്ര സർക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യ പണിമുടക്കും നടക്കുന്നതിനാൽ ബുധനാഴ്ചയും ജനങ്ങൾ വലയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

