തെരഞ്ഞെടുപ്പ്; ഒരുക്കം തുടങ്ങി രാഷ്ട്രീയ പാർട്ടികൾ
text_fieldsപത്തനംതിട്ട: ഓണാഘോഷങ്ങൾക്ക് സമാപനമായതോടെ, ജില്ല തെരഞ്ഞെടുപ്പ് ആരവങ്ങളിലേക്ക്. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയതോടെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഒരുക്കങ്ങൾ തുടങ്ങി. തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ 10.51 ലക്ഷം വോട്ടർമാരാണുള്ളത്. സംവരണ വാർഡുകളുടെ കാര്യം തീരുമാനിക്കുന്നതോടെ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് പാർട്ടികൾ കടക്കും.
വാർഡ്തലത്തിൽ മികവുറ്റവരെ കണ്ടെത്താൻ പാർട്ടികൾ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. മൂന്ന് മുന്നണികളുടെയും പ്രാഥമിക യോഗങ്ങൾ ഇതിനകം നടന്നുകഴിഞ്ഞു. ഇതിനിടെ, സീറ്റുകൾ ലക്ഷ്യമിടുന്നവർ വാർഡുകളിൽ സജീവസാന്നിധ്യമായിട്ടുണ്ട്. ഓണഘോഷ പരിപാടികളിൽ സ്ഥാനാർഥിക്കുപ്പായത്തിനായി തയാറെടുക്കുന്നവർ സജീവമായിരുന്നു. പലയിടങ്ങളിലും സമ്മാനങ്ങളടക്കം സ്പോൺസർ ചെയ്ത് ഇവർ കളംപിടിക്കാൻ ശ്രമിക്കുകയും ചെയ്തു.
വിവിധ പാർട്ടികളിലും സ്ഥാനാർഥി ചർച്ചകൾ സജീവമാണ്. സ്വയം സ്ഥാനാർഥി പ്രഖ്യാപനവുമായി രംഗത്തെത്തിയവർക്കൊപ്പം സീറ്റ് ഉറപ്പിക്കാൻ സമ്മർദം ചെലുത്തുന്നവരുമുണ്ട്. മത-സാമുദായിക മേഖലകളിലെ പ്രവർത്തനം, കുടുംബ വോട്ട് എന്നിങ്ങനെ വിവിധ ഘടകങ്ങൾ അനുകൂലമായി ഉയർത്തിയാണ് ഇവരുടെ നീക്കം.
ഇതിനിടെ, ഇത്തവണ വാർഡ് വർധിച്ചത് മുന്നണികൾക്ക് തലവേദന സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അധികമായി വർധിച്ച സീറ്റിൽ ഘടകകക്ഷികളെല്ലാം അവകാശവാദം ഉന്നയിക്കുന്നത് തർക്കങ്ങളിലേക്ക് നയിച്ചേക്കാം. എൽ.ഡി.എഫിൽ സി.പി.ഐയും കേരള കോൺഗ്രസും കൂടുതൽ സീറ്റുകൾ അവശ്യപ്പെട്ട് രംഗത്തെത്തിക്കഴിഞ്ഞിട്ടുമുണ്ട്. പഞ്ചായത്തുകളിൽ വികസന പ്രശ്നങ്ങളും അഴിമതിയും തന്നെയാകും ഇത്തവണയും പ്രധാന വിഷയം.
ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും ബ്ലോക്കുകളും എൽ.ഡി.എഫ് ഭരണത്തിലാണ്. ഇത് നിലനിർത്താൻ ഇടതുമുന്നണി നീക്കം നടത്തുമ്പോൾ മേധാവിത്വം തിരിച്ചുപടിക്കാനാണ് കോൺഗ്രസ് ശ്രമം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ രാഷ്ട്രീയ പാർട്ടികൾ കുടുംബയോഗങ്ങളും ഭവന സന്ദർശനങ്ങളും കോർണർ യോഗങ്ങളും ആരംഭിക്കും. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേളികൊട്ട് ഉയരും.
സംവരണചിത്രം ഈമാസം അവസാനത്തോടെ
തദ്ദേശഭരണ വാർഡുകളുടെ സംവരണചിത്രം ഈമാസം അവസാനത്തോടെ തെളിയും. നറുക്കെടുപ്പിലൂടെയാണ് സംവരണ വാർഡ് തെരഞ്ഞെടുക്കുക. 2015ലെയും 2020ലെയും തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി സംവരണമുണ്ടായിരുന്ന വാർഡുകളെ നറുക്കെടുപ്പിൽനിന്ന് ഒഴിവാക്കും. വാർഡ് പുനർവിഭജനത്തിലൂടെ പുതുതായി രൂപവത്കരിച്ച വാർഡിൽ നിലവിലുള്ള സംവരണ വാർഡിലെ 50 ശതമാനത്തിൽ കൂടുതൽ ജനസംഖ്യയുണ്ടെങ്കിൽ അത് നിലവിലുള്ള സംവരണ വാർഡായി കണക്കാക്കും.
സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങൾക്കാണ് തദ്ദേശ സ്ഥാപന വാർഡുകളിൽ സംവരണമുള്ളത്. സ്ത്രീകൾക്ക് ഓരോ തദ്ദേശ സ്ഥാപനത്തിലും 50 ശതമാനവും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ജനസംഖ്യക്ക് ആനുപാതികമായുമാണ് സംവരണം നിശ്ചയിക്കുക. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് സംവരണംചെയ്ത സീറ്റുകളിൽ 50 ശതമാനം ഈ വിഭാഗത്തിലെ സ്ത്രീകൾക്കായും സംവരണം ചെയ്തിട്ടുണ്ട്.
ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലെ വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തുന്നത് കലക്ടറാണ്. മുനിസിപ്പാലിറ്റികളിൽ തദ്ദേശ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടറുമാണ് വാർഡ് സംവരണം നിശ്ചയിക്കുക. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാകും നറുക്കെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

