വാൽപ്പാറയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; നാലുപേർക്ക് പരിക്ക്
text_fieldsവാൽപ്പാറയിൽ കാട്ടാനകളുടെ ആക്രമണത്തിൽ പരിക്കേറ്റവർ
കോയമ്പത്തൂർ: കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. ജനവാസ മേഖലയിൽ തമ്പടിച്ച ആനകളെ കാടു കയറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വാൽപ്പാറ ഗജമുടി എസ്റ്റേറ്റിലാണ് കഴിഞ്ഞദിവസം പുലർച്ചെ മൂന്നിന് എത്തിയ കാട്ടാനകൾ തോട്ടം വീടുകൾ തകർത്തത്. ശബ്ദംകേട്ട് എഴുന്നേറ്റ തോട്ടം തൊഴിലാളികളായ സരോജ (42), ചന്ദ്രൻ (62), ഉദയകുമാർ (32), കാർത്തീശ്വരി (32) എന്നിവർക്കാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ശബ്ദംകേട്ട് അയൽക്കാരും ഓടിക്കൂടി ബഹളംവെച്ചെങ്കിലും രണ്ടുമണിക്കൂർ ഭീതി സൃഷ്ടിച്ചാണ് ആനകൾ നീങ്ങിയത്. പരിക്കേറ്റവരെ വാൽപ്പാറ ആശുപത്രിയിലും തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളജിലും എത്തിച്ചു.തോട്ടം തൊഴിലാളികൾക്ക് ഉറങ്ങുന്ന സമയത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത് മൂലം പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി.
വൈൽഡ് ലൈഫ് ഉദ്യോഗസ്ഥർ എത്തി ആളുകളെ വീടിന് പുറത്തിറങ്ങുന്നത് തടയുകയും ആനയെ വനമേഖലയിലേക്ക് കയറ്റുകയും ചെയ്തു. മനാമ്പള്ളി റേഞ്ച് ഓഫിസർ ഗിരിധരൻ സ്ഥലത്ത് എത്തിയപ്പോൾ നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചത് സംഘർഷാവസ്ഥയുണ്ടാക്കി.
കഴിഞ്ഞ ഒന്നര മാസത്തിലധികമായി എസ്റ്റേറ്റിനു സമീപം നിലയുറപ്പിച്ച ഒമ്പത് കാട്ടാനകളെ വനാന്തരത്തിൽ എത്തിക്കണമെന്ന് നിരന്തരമായി എസ്റ്റേറ്റ് തൊഴിലാളികൾ ആവശ്യപ്പെടാറുണ്ടെങ്കിലും വനംവകുപ്പ് ഇടപെടാത്തതാണ് പ്രദേശവാസികളിൽ പ്രതിഷേധം ശക്തമാക്കിയത്. തുടർന്നുള്ള ദിവസങ്ങളിൽ വീണ്ടും കാട്ടാനകൾ ജനവാസ മേഖലയിലെത്തുകയാണെങ്കിൽ പൊള്ളാച്ചി-വളപ്പാറ റോഡ് ഉപരോധം തുടങ്ങിയ സമരങ്ങളിലേക്ക് ഇറങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

