കാട്ടാന ശല്യം; പ്രതിരോധ സംവിധാനങ്ങളുടെ പുനഃസ്ഥാപനം വെല്ലുവിളി
text_fieldsകൂമംകുണ്ട് ഭാഗത്ത് കാട്ടാന നശിപ്പിച്ച തൂക്ക് വേലിയും സൗരോർജ വേലിയും
കല്ലടിക്കോട്: കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും ഇറങ്ങാതിരിക്കാൻ അധികൃതർ സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങൾ നശിച്ചത് വെല്ലുവിളിയാവുന്നു. അഞ്ച് വർഷത്തിനിടെ വിവിധ ഘട്ടങ്ങളിലായി വനാതിർത്തി പ്രദേശങ്ങളിൽ സ്ഥാപിച്ച സൗരോർജ വേലി, തൂക്ക് വേലി എന്നിവയുടെ അറ്റകുറ്റപ്പണിയും പുനഃസ്ഥാപനവുമാണ് പ്രശ്നമായി ശേഷിക്കുന്നത്. പ്രതിരോധവേലികളുടെ അറ്റകുറ്റപ്പണിക്കും പരിപാലനത്തിനും പ്രത്യേക സമിതികളില്ലാത്തതും നാശത്തിന് വഴിയൊരുക്കി.
പ്രതിരോധ സംവിധാനങ്ങൾ കേടായതും വന്യമൃഗങ്ങൾ നശിപ്പിച്ചതുമാണ് കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങി കൃഷി നാശം വരുത്താൻ വഴിയൊരുക്കിയതെന്ന് കർഷകർ പറയുന്നു. വനം വകുപ്പും ത്രിതല പഞ്ചായത്തുകളും കാട്ടാനശല്യത്തിന് തടയിടാൻ ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നാണ് ജനകീയ ആവശ്യം.
കരിമ്പ ഗ്രാമപഞ്ചായത്തിലെ മൂന്നേക്കർ, മീൻവല്ലം, കൂമംകുണ്ട്, ഇടപ്പറമ്പ്, തുടിക്കോട് എന്നീ പ്രദേശങ്ങളിൽ ഒരാഴ്ചക്കാലമായി കാട്ടാനകൾ വ്യാപക കൃഷിനാശം വരുത്തുകയാണ്. കല്ലടിക്കോട് മലയോര മേഖലയിൽ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ ബുധനാഴ്ച രാവിലെ 11.30ന് വനം വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തദ്ദേശവാസികൾ എന്നിവരുടെ യോഗം മൂന്നേക്കർ ഹോളി ഫാമിലി ചർച്ച് ഹാളിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. യോഗത്തിൽ അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

