ആന, പുലി, കരടി; ഉറക്കമില്ലാതെ തെന്മലയോരം, സൗരോർജ വേലികൾ ഉപയോഗപ്രദമാകുന്നില്ല
text_fieldsമുതലമട ചുള്ളിയാർ ഡാം കുണ്ടിലകുളമ്പിൽ ചത്തനിലയിൽ കണ്ടെത്തിയ കരടി
കൊല്ലങ്കോട്: തെന്മലയിൽ ആനയും പുലിയും കരടിയും ജനവാസമേഖലയിൽ. സൗരോർജ വേലികൾ ഉപയോഗപ്രദമാകുന്നില്ല. മുത ലമട, എലവഞ്ചേരി, കൊല്ലങ്കോട് പഞ്ചായത്തുകളിലെ തെന്മലയോര പ്രദേശങ്ങളിലാണ് കഴിഞ്ഞ ആറ് മാസമായി ആന, പുലി, കരടി എന്നിവ ജനവാസ മേഖലയിലിറങ്ങുന്നത്. വിദ്യാലയങ്ങൾ, സങ്കേതങ്ങൾ എന്നിവിടങ്ങളിൽ വരെ കരടിയും പന്നിക്കൂട്ടങ്ങളും സ്ഥിരം സാന്നിധ്യമായത് നാട്ടുകാർക്ക് തിരിച്ചടിയായി.
ലക്ഷങ്ങൾ ചെലവഴിച്ച് തെന്മലയോര പ്രദേശങ്ങളിൽ സൗരോർജ തൂക്കുവേലി വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ തകർത്താണ് ആനകൾ കൂട്ടത്തോടെ കൃഷി നശിപ്പിക്കാൻ എത്തുന്നത്. കരടികൾ രാത്രിയിലും പുലർച്ചെയും ജനവാസ മേഖലകളിൽ കറങ്ങുന്നതിനാൽ ക്ഷീര കർഷകർക്ക് പാൽ കൊണ്ടുപോകാനും പാൽ എടുക്കാൻ വരുന്നവർക്ക് പ്രദേശങ്ങളിൽ എത്താനും സാധിക്കാത്ത അവസ്ഥയുമുണ്ട്.
ചീരണി, കൊശവൻ കോട്ടിൽ സ്ഥാപിച്ച കൂട്ടിൽ പുലിയെ പിടികൂടിയെങ്കിലും മാത്തൂരിൽ മറ്റൊരു പുലിയുടെ സാന്നിധ്യം ഉണ്ടായത് ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. നൂറുകണക്കിന് പന്നികളാണ് കനാലുകളിലും കുറ്റിക്കാടുകളിലും പെറ്റുപെരുകിക്കൊണ്ടിരിക്കുന്നത്. കൊല്ലങ്കോട്ടിൽ പന്നികളെ വെടിവെച്ചുകൊല്ലാൻ ലൈസൻസ് ഉള്ളത് ഒരാൾക്കുമാത്രമാണ്. കൂടുതൽ ആളുകൾക്ക് പന്നികളെ വെടിവെച്ചുകൊല്ലുവാനുള്ള പരിശീലനം നൽകുകയാണെങ്കിൽ പന്നികളെ നിയന്ത്രിക്കുന്നതിന് സാധിക്കും. വനം വകുപ്പിൻന്റെ വൈദ്യുതി വേലിയിൽ പ്രസരണം തടസ്സമില്ലാതെ പ്രവർത്തിക്കുന്നത് ഉറപ്പാക്കാൻ വനം വകുപ്പും തയ്യാറാവേണ്ടതുണ്ട് എന്ന് കർഷകർ പറയുന്നു.
മഴക്കാലമായതിനാൽ വൈദ്യുത വേലിയിൽ വള്ളിപ്പടർപ്പുകൾ പടരുന്നതിനാൽ വൈദ്യുത പ്രസരണം കുറയുകയും വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കുകയും ചെയ്യുന്നു. ആനയും കരടിയും കൂടുതൽ വരുന്ന പ്രദേശങ്ങളിൽ കിടങ്ങുകൾ സ്ഥാപിക്കാൻ വനം വകുപ്പ് തയാറാക്കേണ്ടതുണ്ട്. വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ എത്തിയാൽ മുന്നറിയിപ്പ് നൽകാനുള്ള അലാറം സംവിധാനം സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങളും വനം വകുപ്പും സംയുക്തമായി പദ്ധതി തയാറാക്കണമെന്നുള്ള ആവശ്യവും നാട്ടുകാർക്കുണ്ട്.
കരടിയുടെ ജഡം സംസ്കരിച്ചു
കൊല്ലങ്കോട്: ചുള്ളിയാർഡാമിന് സമീപം കുണ്ടിലകുളമ്പിലെ സ്വകാര്യ മാവിൻതോട്ടത്തിൽ കഴിഞ്ഞദിവസം കണ്ടെത്തിയ കരടിയുടെ ജഡം സംസ്കരിച്ചു. കരടിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. നാലുവയസ്സിലധികമുള്ള ആൺകരടിയുടെ ജഡമാണ് പ്രദേശത്തെ തൊഴിലാളികൾ കണ്ടെത്തിയിരുന്നത്. ജഡത്തിൽ കാര്യമായ പരിക്കോ, വിഷാംശം ഉള്ളിൽ ചെന്നതിന്റെ സൂചനകളോ കണ്ടെത്തിയില്ല. കൊല്ലങ്കോട് വനം റേഞ്ച് ഓഫിസർ കെ.സി. സനൂപ്, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ഡേവിഡ് എബ്രഹാം എന്നിവരുടെ നേതൃ ത്വത്തിലാണ് പോസ്റ്റ്മോർട്ടവും തുടർനടപടികളും ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

