വാട്ടർ എ.ടി.എമ്മുകൾ സജീവമാകുന്നു
text_fieldsകഞ്ചിക്കോട്: സംസ്ഥാനത്തെ തിരക്കേറിയ സ്ഥലങ്ങളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും വാട്ടർ എ.ടി.എമ്മുകൾ വരുന്നു. സർക്കാർ കുപ്പിവെള്ള കമ്പനിയായ ഹില്ലി അക്വയാണ് പൊതുനിരത്തുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും വാട്ടർ എ.ടി.എമ്മുകൾ സജ്ജീകരിക്കുന്നത്. സംസ്ഥാനത്ത് പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ പൊതുജനങ്ങൾക്ക് കുപ്പിവെള്ളത്തേക്കാൾ കുറഞ്ഞ ചെലവിൽ വെള്ളം ലഭിക്കുകയും ചെയ്യും.
വാട്ടർ എ.ടി.എമ്മുകളിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണം അടച്ചാൽ ആവശ്യത്തിന് വെള്ളം ശേഖരിക്കാൻ കഴിയുന്ന യന്ത്രസംവിധാനമാണ് സജ്ജമാക്കുന്നത്. ആവശ്യമുള്ള വെള്ളം ശേഖരിക്കാനുള്ള പാത്രം ഉപഭോക്താക്കൾ കൊണ്ടുവരണം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ മൂന്നാർ, തേക്കടി ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മെഡിക്കൽ കോളജുകളിലും വാട്ടർ എ.ടി.എം സ്ഥാപിക്കും. പിന്നീട് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നിരിക്കെ പദ്ധതിക്കുള്ള പഠനവും പൂർത്തിയായിട്ടുണ്ട്. വാട്ടർ എ.ടി.എം പദ്ധതി പൊതുജനങ്ങൾക്കും കമ്പനിക്കും ഗുണമുണ്ടാകുമെന്നതിനാൽ ഉടൻതന്നെ പദ്ധതി ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ്. വാട്ടർ എ.ടി.എം നിർമിക്കുന്നതിനുള്ള ടെൻഡർ നടപടികളും ഉടൻ ആരംഭിക്കും.
മൂന്ന് മാസത്തിനുള്ളിൽ തന്നെ സംസ്ഥാനത്തെ ആദ്യ വാട്ടർ എ.ടി.എം പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലാന്റുകളിൽനിന്നുള്ള വെള്ളം വലിയ ജാറുകളിലാണ് അതതു കേന്ദ്രങ്ങളിൽ എത്തിക്കുക. മെഷീനിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണം അടക്കുമ്പോൾ ഓട്ടോമാറ്റിക്കായി മെഷീനിൽനിന്ന് വെള്ളം കിട്ടും. വാട്ടർ എ.ടി.എമ്മുകൾ പരിപാലിക്കുന്നതിനായി ഡീലർമാരേയും നിയോഗിക്കും.
വിനോദ സഞ്ചാരമേഖലകളിലും മറ്റും ആളുകൾ വെള്ളം കുടിച്ചിട്ട് കുപ്പികൾ അലക്ഷ്യമായി ഇടുന്നതിന് ഏറെക്കുറെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ‘ഹില്ലി അക്വ’ ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. പൊതുവിപണിയിൽ വിവിധ കമ്പനികളുടെ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപയും രണ്ട് ലിറ്ററിന് 35 രൂപയും ഈടാക്കുമ്പോൾ ഹില്ലി അക്വായുടെ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 15 രൂപയാണ്. എന്നാൽ, സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ മാവേലി സ്റ്റോറുകൾ, റേഷൻകടകൾ, ജയിൽ ഔട്ട് ലെറ്റുകൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ ഹില്ലി അക്വായുടെ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 10 രൂപയാണ് ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

