മാലിന്യ സംസ്കരണത്തിന് മാതൃകയായി പാലക്കാട് ബ്ലോക്ക് ആർ.ആർ.എഫ്
text_fieldsപാലക്കാട് ബ്ലോക്ക് ആർ.ആർ.എഫ് കരാർ പുതുക്കിയതിന്റെ പകർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ ക്ലീൻ കേരള കമ്പനി പാലക്കാട് ജില്ല മാനേജർ ആദർശ് ആർ. നായർക്ക് കൈമാറുന്നു
പാലക്കാട്: ജില്ലയിൽ മാലിന്യ സംസ്കരണത്തിൽ മാതൃകയായി മുണ്ടൂരിൽ പ്രവർത്തിക്കുന്ന പാലക്കാട് ബ്ലോക്ക് ആർ.ആർ.എഫ് (റിസോഴ്സ് റിക്കവറി ഫെസിലിറ്റി) നാല് വർഷം പിന്നിടുന്നു. ക്ലീൻ കേരള കമ്പനിക്കാണ് ആർ.ആർ.എഫ് നടത്തിപ്പ് ചുമതല. ബ്ലോക്ക് പഞ്ചായത്തും ക്ലീൻ കേരള കമ്പനിയും തമ്മിലുള്ള കരാർ പുതുക്കൽ വെള്ളിയാഴ്ച ബ്ലോക്ക് ഓഫിസിൽ നടന്നു.
കരാർ ഒപ്പ് വെച്ചതിന്റെ പകർപ്പ് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ ക്ലീൻ കേരള കമ്പനി ജില്ല മാനേജർ ആദർശ് ആർ. നായർക്ക് കൈമാറി. ആർ.ആർ.എഫിലെ ജീവനക്കാർക്ക് വേതനം നൽകുന്നത് ക്ലീൻ കേരള കമ്പനിയാണ്. നിലവിൽ പ്രതിദിനം 350 രൂപയാണ് വേതനം. പുതുക്കിയ കരാർ പ്രകാരം ഇനിമുതൽ 600 രൂപ ലഭിക്കും.
2019ലാണ് ആർ.ആർ.എഫിന്റെ പ്രവർത്തനം പൂർത്തിയായതെങ്കിലും ക്ലീൻ കേരള കമ്പനിയുമായി കരാർ വെച്ച് പ്രവർത്തനം തുടങ്ങുന്നത് 2020ലാണ്. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കോങ്ങാട്, മുണ്ടൂർ, കേരളശ്ശേരി, മണ്ണൂർ, മങ്കര, പറളി, പിരായിരി ഗ്രാമപഞ്ചായത്തുകളിൽനിന്നും തരംതിരിച്ച പ്ലാസ്റ്റിക്കും നിഷ്ക്രിയ മാലിന്യമായ എം.എൽ.പിയും(മൾട്ടി ലെയേർഡ് പ്ലാസ്റ്റിക്) മുണ്ടൂർ ആർ.ആർ.എഫിൽ എത്തിക്കുന്നു. തരംതിരിച്ച പ്ലാസ്റ്റിക്കുകൾ ബെയിൽ ചെയ്ത് റീസൈക്കിളിങ്ങിന് (പുന:ചംക്രമണം) നൽകും.
ഇതിന് നിശ്ചിത തുക പഞ്ചായത്ത് ഹരിത കർമ്മ കൺസോർഷ്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി നൽകും. നിഷ്ക്രിയ മാലിന്യമായ എം.എൽ.പി പ്ലാസ്റ്റിക് ആർ.ആർ.എഫിൽ പൊടിച്ച് റോഡ് ടാർ ചെയ്യാൻ വിലയ്ക്ക് നൽകുകയാണ് ചെയ്യുന്നത്.
കരാർ ഓപ്പ് വെക്കൽ ചടങ്ങിൽ പാലക്കാട് ബ്ലോക്ക് ബി.ഡി.ഒ ആർ. ഫെലിക്സ് ഗ്രിഗോറി, ക്ലീൻ കേരള കമ്പനി സെക്ടർ കോ- ഓർഡിനേറ്റർ പി.വി. സഹദേവൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

