പ്രിയ സഖാവിനെ കാണാൻ മിൽമ പ്രഭയും ആലപ്പുഴയിലേക്ക്
text_fieldsപാലക്കാട്: അത്രമേൽ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ആലപ്പുഴയിലേക്കുള്ള യാത്രയിലാണ് പ്രഭാകരൻ. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സുഹൃത്തുക്കൾക്കൊപ്പം തന്റെ പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ പ്രഭാകരൻ ആലപ്പുഴയിലേക്ക് യാത്രതിരിച്ചത്. ചിറ്റൂർ വിളയോടി സ്വദേശിയായ വി. പ്രഭാകരൻ എന്ന മിൽമ പ്രഭ (52) വി.എസ്. അച്യുതാനന്ദൻ എന്ന ജനകീയ നേതാവിനെ ഹൃദയത്തിൽ സൂക്ഷിക്കുന്നയാളാണ്. പാലക്കാട് വിക്ടോറിയ കോളജ് റോഡിൽ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിനു സമീപം മിൽമ ബൂത്തിലെ ജോലിക്കാരനാണ് പ്രഭ.
എല്ലാ വർഷവും ഒക്ടോബർ 20ന് വി.എസിന്റെ പിറന്നാളിന് മുടങ്ങാതെ സമീപത്തെ സ്കൂളിലെ വിദ്യാർഥികൾക്കും ബൂത്തിൽ ചായ കുടിക്കാൻ വരുന്നവർക്കുമെല്ലാം പ്രഭ മധുരം വിതരണംചെയ്യും. ചായക്കടക്കു മുന്നിൽ വി.എസിന്റെ ചിത്രത്തിനൊപ്പം ‘കണ്ണേ കരളേ വി.എസ്സേ’ എന്നെഴുതിയ ഫ്ലക്സ് സ്ഥാപിക്കും. വി.എസിനോടുള്ള കടുത്ത ആരാധനയിൽ ഇടുങ്ങിയ കടമുറിയിലെ ചെറിയ ചില്ലലമാരയിൽ വി.എസിന്റെ ചിത്രം ഒട്ടിച്ചുവെച്ചിട്ടുണ്ട് പ്രഭാകരൻ. ചിറ്റൂരിൽനിന്ന് ജോലി തേടി പാലക്കാട് നഗരത്തിലെത്തിയ പ്രഭാകരൻ 32 വർഷമായി സി.പി.എം ജില്ല കമ്മിറ്റി ഓഫിസിനു മുന്നിലെ മിൽമ ബൂത്തിലെ തൊഴിലാളിയാണ്. താരേക്കാടാണ് താമസം. വിക്ടോറിയ കോളജ് റോഡ് സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായ പ്രഭാകരൻ 20ാം വയസ്സിലാണ് പാർട്ടിപ്രവർത്തനം തുടങ്ങുന്നത്.
പ്രതിപക്ഷനേതാവായും എം.എൽ.എയായുമെല്ലാമുള്ള വി.എസിന്റെ സമരപോരാട്ടങ്ങളാണ് പ്രഭാകരനെ വി.എസിന്റെ കടുത്ത ആരാധകനാക്കിയത്. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ ജില്ല കമ്മിറ്റി യോഗത്തിന് എത്തിയപ്പോഴാണ് ആദ്യമായി വി.എസിനെ കാണുന്നത്. വി.എസ് ചായയും കാപ്പിയും കുടിച്ചിരുന്നില്ലെന്നും ചൂടുവെള്ളമോ ഇളനീരോ ആണ് ആവശ്യപ്പെട്ടിരുന്നതെന്നും പ്രഭാകരൻ ഓർക്കുന്നു.
അധികം സംസാരിച്ചിട്ടില്ലെങ്കിലും കാണുമ്പോൾ വി.എസ് ചിരിക്കുകയും കൈവീശി കാണിക്കുകയും ചെയ്യുമായിരുന്നു. വാക്കിലും പ്രവൃത്തിയിലും വി.എസ്. അച്യുതാനന്ദൻ എന്ന വിപ്ലവസൂര്യനോടുള്ള അടങ്ങാത്ത ആരാധന പ്രകടിപ്പിക്കുന്ന പ്രഭാകരൻ വി.എസ് തനിക്ക് എന്നും ആവേശമാണെന്ന് പറയുന്നു. വി.എസ് എന്ന പോരാട്ടവീര്യത്തെ അവസാനമായി ഒരുനോക്ക് കാണാൻ നാടിന്റെ നാനാഭാഗത്തുനിന്നുള്ള ജനങ്ങളും ബുധനാഴ്ച ആലപ്പുഴയിലേക്ക് ഒഴുകിയെത്തുമ്പോൾ അവരിലൊരാളായി മിൽമ പ്രഭ എന്ന പ്രഭാകരനും അവിടെയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

