ഒറ്റപ്പാലത്ത് കക്കൂസ് മാലിന്യം തള്ളിയ വാഹനം പിടികൂടി; ഡ്രൈവർ അറസ്റ്റിൽ
text_fieldsഒറ്റപ്പാലം: രാത്രിയുടെ മറവിൽ ഒറ്റപ്പാലം നഗരത്തിലെ പൊതുനിരത്തിന് സമീപം കക്കൂസ് മാലിന്യം തള്ളിയ ഡ്രൈവറും വാഹനവും പൊലീസ് പിടികൂടി. മണ്ണാർക്കാട് പാലോട് കോന്നാടൻ വീട്ടിൽ അലി അസ്‌കറാണ് (28) ടാങ്കർ ലോറി സഹിതം ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 14ന് പുലർച്ചയാണ് ടി.ബി റോഡിലെ ഹൈപ്പർ മാർക്കറ്റിന് മുൻവശത്തും ഓട്ടോ സ്റ്റാൻഡിലും കക്കൂസ് മാലിന്യം തള്ളിയത്. രാത്രിയിൽ സെൻഗുപ്ത റോഡിൽ കൊണ്ടുവന്ന് തള്ളിയ കക്കൂസ് മാലിന്യം ടി.ബി റോഡിലേക്ക് പരന്നൊഴുകിയതാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
രണ്ട് വിദ്യാലയങ്ങളും അഭിഭാഷകരുടെ ഓഫിസും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന പാതയിൽനിന്ന് ദുർഗന്ധമുയർന്നതോടെ പരാതികൾ നഗരസഭയിലുമെത്തി. തുടർന്ന് നഗരസഭ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിസരത്തെ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയ വാഹനത്തെ കുറിച്ച് വിവരം ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷങ്ങൾക്കൊടുവിൽ ആലിപ്പറമ്പിൽ നിന്നാണ് വാഹനവും ഡ്രൈവറും പിടിയിലായത്. നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ്, സ്ഥിരം സമിതി അധ്യക്ഷൻ കെ. അബ്ദുൽ നാസർ, കൗൺസിലർമാർ തുടങ്ങിയവർ സ്റ്റേഷനിലെത്തി സി.ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

