ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരിയുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
text_fieldsപറളി: നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെ ബസ് ഡ്രൈവർക്ക് തളർച്ച ബാധിച്ച് കുഴഞ്ഞ് ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ട യാത്രക്കാരിയുടെ സമയോചിത ഇടപെടൽ വൻദുരന്തത്തിൽനിന്ന് രക്ഷിച്ചു. പാലക്കാട്-പട്ടാമ്പി റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവർക്കാണ് ഡ്രൈവിങ്ങിനിടെ തളർച്ച ബാധിച്ചത്.
പറളി തേനൂർ അത്താഴംപെറ്റ കാവിന്റെ പരിസരത്ത് വെള്ളിയാഴ്ച രാവിലെ 11.45ന് ഓടിക്കൊണ്ടിരിക്കുന്ന ബസിലെ ഡ്രൈവർ ബിജുവിനാണ് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴയുകയും ചെയ്തത്. ബസിന്റെ മുൻസീറ്റിലിരിക്കുന്ന യാത്രക്കാരിയുടെ ശ്രദ്ധയിൽപെടുകയും ഉടൻ തന്നെ കണ്ടക്ടർ ശ്രീജിത്തിനെ അറിയിക്കുകയും ചെയ്തു. കണ്ടക്ടർ നൊടിയിടയിൽ ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച് ബസ് നിയന്ത്രിച്ച് നിർത്തി.
കുഴഞ്ഞുവീണ ബിജുവിനെ ക്രിട്ടിക്കൽ കെയർ അംഗം രൂപേഷ് പറളി സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ക്രിട്ടിക്കൽ കെയർ ജില്ല കോഓഡിനേറ്റർ രാജേഷ് പാലക്കാട് ആംബുലൻസിൽ കല്ലേക്കാട് രാജീവ്ഗാന്ധി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

