ചുവന്ന നെന്മാറയെ തിരിച്ചുപിടിക്കാൻ യു.ഡി.എഫ്
text_fieldsകൊല്ലങ്കോട്: കർഷക തൊഴിലാളി ഭൂരിപക്ഷമുള്ള നെന്മാറ മണ്ഡലം കൂടുതലായി തുണച്ചത് എൽ.ഡിഎഫിനെയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുൻതൂക്കമുള്ളതിനാൽ തിരിച്ചുപിടിക്കാനുള്ള പ്രവർത്തനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ കോൺഗ്രസ് അണികൾ ആരംഭിച്ചിട്ടുണ്ട്. ബൂത്ത്തല കമ്മിറ്റികൾ സജീവമാക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള തയാറെടുപ്പിലാണ് യു.ഡി.എഫ്. കോൺഗ്രസിലെ ഗാന്ധിയനായ കെ.എ. ചന്ദ്രനുശേഷം വി. ചെന്താമരാക്ഷൻ എൽ.ഡി.എഫിൽ രണ്ടു തവണയും കെ. ബാബു രണ്ടു തവണയും വിജയിച്ച മണ്ഡലം നിലനിർത്താനുള്ള തയാറെടുപ്പിൽ എൽ.ഡി.എഫ് ബ്രാഞ്ച്തലത്തിൽ മൂന്നാംഘട്ട യോഗങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വനിതകളെ ഉൾപ്പെടുത്തി കുടുംബശ്രീയും ബൂത്ത് കമ്മിറ്റികളും സജീവമാക്കാനുള്ള തയാറെടുപ്പുകൾ കോൺഗ്രസ്, മുസ്‍ലിം ലീഗ്, സി.പി.എം, സി.പി.ഐ, ബി.ജെ.പി, ജനതാദൾ, ബി.ഡി.ജെ.എസ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ നടത്തിവരുന്നു. കൊല്ലങ്കോട് നിയോജക മണ്ഡലം 2008ൽ നെന്മാറ മണ്ഡലമായി രൂപവത്കൃതമായതുമുതല്‍ ഇടതിനൊപ്പമാണ്. രൂപവത്കരണത്തിനു മുമ്പ് രണ്ട് തവണ കോൺഗ്രസ് എം.എൽ.എ ഉണ്ടായ മണ്ഡലമാണിത്. 2011ൽ സി.എം.പി സ്ഥാപകനായ എം.വി. രാഘവനാണ് യു.ഡി.എഫിൽ മത്സരിച്ചത്. എന്നാൽ, വിജയിച്ചത് സിറ്റിങ് എം.എൽ.എ ആയിരുന്ന വി. ചെന്താമരാക്ഷനായിരുന്നു. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ ആറും എൽ.ഡി.എഫിന്റെ ഭരണത്തിലാണ്. എന്നാൽ, അയിലൂർ തിരിച്ചുപിടിച്ചതുപോലെ നിരവധി വാർഡുകൾ തിരിച്ചുപിടിച്ച ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. നെന്മാറ നിയോജക മണ്ഡലത്തിൽ ഉള്ള 10 ഗ്രാമപഞ്ചായത്തുകളിൽ 176 വാർഡുകളിൽ എൽ.ഡി.എഫ് 88, യു.ഡി.എഫ് 55, എൻ.ഡി.എ 27, മറ്റുള്ളവർ 5, എസ്.ഡി.പി.ഐ ഒരു സീറ്റുമാണുള്ളത്. 2025 തദ്ദേശ തെരഞ്ഞെടുപ്പിൽ പത്ത് പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് 11,428 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായത്.
നെല്ലിയാമ്പതി, എലവഞ്ചേരി, പല്ലശ്ശന, കൊല്ലങ്കോട്, മുതലമട, കൊടുവായൂർ എന്നിവയാണ് എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകൾ. നെന്മാറ, അയിലൂർ, വടവന്നൂർ, പുതുനഗരം പഞ്ചായത്തുകളിൽ യു.ഡി.എഫാണ് ഭരിക്കുന്നത്. 2021ൽ സി.പി.എമ്മിന്റെ സിറ്റിങ് എം.എൽ.എ കെ. ബാബു 28,704 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.എം.പി സ്ഥാനാർഥി സി.എന്‍. വിജയകൃഷ്ണനെ പരാജയപ്പെടുത്തിയത്. ആകെ വോട്ടർമാർ 1,92,592 ആയിരുന്നെങ്കിലും പോൾ ചെയ്തത് 1,51,535 ആണ്. കെ. ബാബു 81,145, സി.എൻ. വിജയകൃഷ്ണൻ 51,441, എൻ.ഡി.എ സ്ഥാനാർഥി എ.എൻ. അനുരാഗ് 16,666 വോട്ടുകൾ നേടി. 2016ല്‍ 7,408 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആദ്യത്തെ അങ്കത്തിൽ കെ. ബാബു ജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി എ.വി. ഗോപിനാഥിന് 58,908 വോട്ടും എൻ.ഡി.എയുടെ എന്‍. ശിവരാജന് 23,096 വോട്ടും ലഭിച്ചു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 30,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. സി.എം.പിക്കു സീറ്റ് വിട്ടുനല്‍കിയതിനെചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തതിനാൽ ഇത്തവണ കോൺഗ്രസ് തന്നെ നിലനിർത്തും.
ആരാകും സ്ഥാനാർഥി ?
ഡി.സി.സി പ്രസിഡൻറ് തങ്കപ്പൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ എന്നിവരാണ് യു.ഡി.എഫ് പരിഗണനയിലുള്ളത്. സിറ്റിങ് എം.എൽ.എ കെ. ബാബുവിനെ പരിഗണിക്കണമെന്ന് അണികളിൽ ചർച്ച തുടങ്ങിട്ടുണ്ടെങ്കിലും സി.പി.എം ഏരിയ സെക്രട്ടറി കെ. പ്രേമനും, ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവും സ്ഥാനാർഥി ലിസ്റ്റിലുണ്ട്. കഴിഞ്ഞതവണ ബി.ഡി.ജെ.എസിനു നൽകിയ സീറ്റിൽ ഇത്തവണ ബി.ജെ.പി തന്നെ സ്ഥാനാർഥിയെ നിർത്താനാണ് സാധ്യത. ബി.ജെ.പി ജനറൽ സെക്രട്ടറി എം. സുരേന്ദ്രന് സാധ്യതയുണ്ട്. നെന്മാറ നിയോജക മണ്ഡലത്തിൽ എസ്.എൻ.ഡി.പി നിർണായക ശക്തിയാണ്. അതിനാൽ ബി.ഡി.ജെ.എസിന് എൻ.ഡി.എ സീറ്റ് നൽകണമെന്ന ആവശ്യം നിലനിൽക്കുന്നുണ്ട്. സമ്മർദത്തിനു വഴങ്ങി സീറ്റ് ബി.ഡി.ജെ.എസിനാണെങ്കിൽ എ.എൻ. അനുരാഗിനാവും സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

