ഭവാനി പുഴയിൽ രണ്ട് യുവാക്കളെ കാണാതായി
text_fieldsഅഗളി: അവധി ആഘോഷിക്കാൻ തമിഴ്നാട്ടിൽനിന്ന് അട്ടപ്പാടിയിലെത്തിയ പത്ത് പേരിൽ രണ്ടുപേരെ കാണാനില്ല. അഗളി പരപ്പൻതറയിൽ ഭവാനി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. തമിഴ്നാട് തൂത്തുക്കുടി കായൽപട്ടണം സ്വദേശി ഭൂപതി രാജ് (26), കോയമ്പത്തൂർ അണ്ണൂർ ഗണേശപുരം സ്വദേശി പ്രദീപ് രാജ് (23) എന്നിവരെയാണ് കാണാതായത്.
വെള്ളിയാഴ്ച വൈകീട്ട് നാലോടെ കോയമ്പത്തൂർ ഗണേശപുരത്തുള്ള സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ പത്തുപേരടങ്ങുന്ന സംഘം അട്ടപ്പാടിയിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു. സൈലൻറ് വാലിയിലെ പുഴയുടെ വൃഷ്ടി പ്രദേശങ്ങളിലെ കനത്ത മഴ കാരണം പുഴയിൽ നീരൊഴുക്ക് വർധിച്ചിരുന്നു. ഇത് അവഗണിച്ച് യുവാക്കൾ പുഴയിൽ ഇറങ്ങിയതാണ് അപകട കാരണം.
അഗളി പൊലീസും മണ്ണാർക്കാട് ഫയർ ആൻഡ് റെസ്ക്യൂ സംഘവും സ്ക്യൂബ ഡൈവിങ് സംഘവും രണ്ട് ദിവസങ്ങളിലായി തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ശക്തമായ നീരൊഴുക്കും വനമേഖലയിലെ കനത്ത മഴമൂലം പുഴയിലുണ്ടാകുന്ന അടിയൊഴുക്കും ഡാമിലെ സ്ലൂയിസ് ഷട്ടറുകൾ ഉയർത്തുന്നത് മൂലം ജലനിരപ്പിലുണ്ടാകുന്ന ഉയർച്ചയും വെള്ളത്തിനുള്ളിലെ കലക്കവും വെളിച്ചക്കുറവും തിരച്ചിലിന് ഭീഷണിയായി മാറുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ തിരച്ചിലിനെത്തിച്ച വാട്ടർ ബോട്ട് ഒഴുക്കിൽപെട്ട് മറഞ്ഞതും തിരിച്ചടിയായി. പുഴയിൽ രണ്ട് പേരെ കാണാതായത് അറിഞ്ഞിട്ടും പുഴയിലിറങ്ങുന്ന സഞ്ചാരികൾക്ക് കുറവുണ്ടായില്ല. പൊലീസ് എത്തിയ ശേഷമാണ് ഇവരെ പുഴയിൽനിന്ന് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

