എലിവാലിൽ കൂട് സ്ഥാപിച്ചു; ഇരയായി നായുമെത്തി ഇനി പുലിക്കായി കാത്തിരിപ്പ്
text_fieldsപാലക്കാട്: മലമ്പുഴയിൽ പുലിയുടെ വിഹാര കേന്ദ്രമായ എലിവാലിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ഒലവക്കോട് ഡി.എഫ്.ഒ ഓഫിസിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് കൂട് കൊണ്ടുപോയത്. എലിവാലിൽ കനത്ത മഴയായത് കൂട് സ്ഥാപിക്കുന്നതിന് തടസ്സമായി. ഉച്ചയോട് കൂട് സ്ഥാപിച്ചു. വൈകീട്ട് ഏഴുമണിയോടെ കൂട്ടിൽ ഇടാനുള്ള നായെ പിടികൂടി കൂട്ടിലിട്ടു. കൂടിനകത്ത് മറ്റൊന്നാക്കി തിരിച്ചിടത്താണ് നായെ ഇടുക. പുലിയെത്തിയാലും നായെ പിടികൂടാനാവില്ല.
നാല് തവണ പുലിയെത്തിയ കൃഷ്ണന്റെ വീടിന് 100 മീറ്റർ മാറിയാണ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസവും ഈ വീട്ടിൽ പുലിയെത്തി നായെ കൊണ്ടുപോയിരുന്നു. കഴിഞ്ഞ 14ന് വന്നതിന്റെ ഭയം മാറും മുമ്പേയാണ് കൃഷ്ണന്റെ വീട്ടിൽ വീണ്ടും പുലി കയറിയത്. വീട്ടുകാരുടെ കണ്മുന്നിലാണ് നായെ പുലി പിടികൂടിയത്. കൃഷ്ണന്റെ ഒറ്റമുറി വീടിനുള്ളിലെ വാതില് മാന്തിപൊളിച്ചാണ് നേരത്തെ പുലി കയറിയത്.
കൃഷ്ണനും ഭാര്യ ലതയും മൂന്നുവയസ്സുകാരി അവനിക, സഹോദരങ്ങളായ പൗർണമി (അഞ്ച്), അനിരുദ്ധ് (ഏഴ്) എന്നിവരാണ് വീട്ടിലുള്ളത്. വനാതിർത്തിയിലെ സുരക്ഷയോ അടച്ചുറപ്പോ ഇല്ലാത്ത മൂന്നുവീടുകൾ ലക്ഷ്യമിട്ടാണ് പുലിയെത്തുന്നത്. കൃഷ്ണന്റെ വീട് അത്തരത്തിലൊന്നാണ്.
ഒലവക്കോട്, വാളയാർ ഫോറസ്റ്റ് റേഞ്ച് ഓഫിസ് പരിധിയിലെ 12 വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജോസഫ് തോമസും മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും രാഷ്ട്രീയ പ്രതിനിധികളും കൂട് സ്ഥാപിക്കാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

