വഴിയരികിൽ മാലിന്യം തള്ളി; 15,000 രൂപ പിഴ
text_fieldsകണ്ണാടി ഗ്രാമ പഞ്ചായത്തിൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം റോഡരികിൽ തള്ളിയ മാലിന്യം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പരിശോധിക്കുന്നു
പാലക്കാട്: കണ്ണാടി ഗ്രാമ പഞ്ചായത്തിൽ വഴിയരികിൽ മാലിന്യം തള്ളിയവരിൽ നിന്ന് 15000 രൂപ പിഴ ഈടാക്കി. വാർഡ് 12 ൽ ഹയർ സെക്കൻഡറി സ്കൂളിന്റെ സമീപമാണ് ചാക്കിൽ കെട്ടി മാലിന്യം തള്ളിയത്. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എൻ. സുജിത പരിശോധിച്ചശേഷം നടത്തിയ അന്വേഷണത്തിൽ പെരുവെമ്പ് വാഴക്കോടിലെ സ്വകാര്യ സ്ഥാപനത്തിന്റേതാണ് മാലിന്യമെന്ന് കണ്ടെത്തി. തുടർന്ന് സ്ഥാപന ഉടമയിൽ നിന്ന് പഞ്ചായത്ത് സെക്രട്ടറി 10,000 രൂപ പിഴ ഈടാക്കി.
പഞ്ചായത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ രാത്രി പരിശോധനയിൽ യാക്കര പാലത്തിന് സമീപം മമ്പറം റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞത് കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ കൽമണ്ഡപത്തെ ഒരു ചായക്കടയിലേതാണ് മാലിന്യമെന്ന് കണ്ടെത്തുകയും ഉടമയിൽ നിന്നും 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി ടി.എൻ. രാംദാസ്, ഹെൽത്ത് ഇൻസ്പെക്ടർ പി. ഷാജി, ജെ എച്ച്.ഐ സി. ഹരിദാസ്, വി.ഇ.ഒമാരായ വി. ബിജുമോൻ, ആർ. രജീഷ് എന്നിവരുൾപ്പെട്ട സ്ക്വാഡാണ് പരിശോധനയും അന്വേഷണവും നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.