ബൈക്ക് തടഞ്ഞ് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsഷിജിൽ, വിജേഷ്, വൈശാഖ്
ഒറ്റപ്പാലം: ബൈക്കിൽ സഞ്ചരിച്ച യുവാവിനെ തടഞ്ഞുനിർത്തി കുത്തി പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ. പനമണ്ണ അമ്പലവട്ടം കോന്ത്രംകുണ്ടിൽ വിജേഷ് (30), അമ്പലവട്ടം മുർക്കത്ത് വീട്ടിൽ ഷിജിൽ (29), വെള്ളിനേഴി അടക്കാപുത്തൂർ തയ്യിൽ വീട്ടിൽ വൈശാഖ് (28) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. വരോട് ചേപ്പയിൽ രാഹുലിനെ ( 29 ) സംഘം ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരം ആറിന് വരോട് കുണ്ടുപറമ്പ് ജങ്ഷനിൽ വെച്ചായിരുന്നു ആക്രമണം.
കൊലപാതക കേസിലെ സാക്ഷികളെ കോടതിയിൽ ഹാജരാക്കാൻ രാഹുൽ ഇടപെട്ടത് മൂലമുള്ള വൈരാഗ്യമാണ് കത്തികുത്തിലെത്തിച്ചതെന്നാണ് പൊലീസ് നൽകിയ വിവരം. രാഹുലിന്‍റെ, പ്രജീഷ് എന്ന സുഹൃത്തിന്‍റെ സഹോദരൻ പ്രശാന്ത് 2021ൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ വിചാരണ ജനുവരി അഞ്ചിന് ഒറ്റപ്പാലം അഡിഷണൽ സെഷൻസ് കോടതിയിൽ ആരംഭിക്കാനിരിക്കെ കേസിലെ പ്രതികളായ വിജേഷിനും ഷിജിലിനും എതിരെ സാക്ഷികളെ കോടതിയിൽ ഹാജരാക്കാൻ രാഹുൽ സജീവമായ പ്രവർത്തനത്തിലായിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവ സമയം പ്രതികൾ സഞ്ചരിച്ച ബൈക്കും കുത്താൻ ഉപയോഗിച്ച കത്തിയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിജേഷിന്‍റെ പേരിൽ അഞ്ചും ഷിജിലിന്‍റെ പേരിൽ മൂന്നും കേസുകൾ നിലവിലുണ്ട്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാഹുൽ അപകട നില തരണം ചെയ്തതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

