മങ്കര കല്ലൂരിൽ മൂന്നര ഏക്കർ കൃഷിയിറക്കാനുള്ള ഞാറ്റടികൾ നശിപ്പിച്ച നിലയിൽ
text_fieldsമങ്കര: കല്ലൂരിൽ നടാൻ പ്രായമായ ഞാറ്റടികൾ അജ്ഞാതർ നശിപ്പിച്ചതിൽ പ്രതിഷേധവുമായി കർഷകർ. മങ്കര കല്ലൂർ അരങ്ങാട് പാടശേഖരത്തിലെ ആറ് കർഷകരുടെ ഞാറ്റടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ പൂർണമായും നശിപ്പിച്ചത്. കളനാശിനി ഉപയോഗിച്ച് രാത്രിയുടെ മറവിൽ നശിപ്പിച്ചതെന്നാണ് കർഷകരുടെ ആരോപണം. മൂന്നര ഏക്കറോളം വരുന്ന നെൽവയലിലേക്ക് നടാനുള്ള ഞാറ്റടിയാണ് നശിപ്പിച്ചത്.
അരങ്ങാട് പാടശേഖരത്തിലെ എ.എ. രാമകൃഷ്ണൻ, എ.വി. രവി, പി.എ. അബ്ദുൽ റഹിമാൻ, അപ്പുകുട്ടൻ പറപ്പള്ള, ബീക്കുട്ടി, കുട്ടൻപറപ്പള്ള, എന്നീ ആറ് കർഷകരുടെ ഞാറ്റടിയാണ് അജ്ഞാതർ നശിപ്പിച്ചത്. എന്നാൽ, തൊട്ട് സമീപത്തെ ഞാറ്റടികൾക്കൊന്നും തന്നെ കേടുപാടുകളില്ല. സംഭവം നടന്ന വിവരം കൃഷി ഓഫിസറെ അറിയിക്കുകയും കൃഷിസ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നതായി കർഷകർ പറയുന്നു. ഉമ, ജോതി, മട്ട എന്നീ വിത്തുകളുടെ ഞാറ്റടിയാണിത്. നെൽപാടങ്ങളെല്ലാം പൂട്ടിനടേണ്ട സമയത്താണ് കർഷകർക്ക് ഇത്തരം തിരിച്ചടി നേരിട്ടത്. 28 ദിവസം പ്രായമായ ഞാറ്റടികളാണ് നശിപ്പിച്ചിട്ടുള്ളത്.
ഞാറ്റടി നശിച്ചതോടെ കൃഷിയിറക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ് കർഷകർ. ഇത്തരം നീചപ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മങ്കര പൊലീസിനും ജില്ല കൃഷി ഓഫിസർ, മങ്കര കൃഷി ഭവൻ എന്നിവർക്ക് പരാതി നൽകുമെന്ന് പാടശേഖര സമിതി ഭാരവാഹികൾ അറിയിച്ചു. സംഭവമറിഞ്ഞതോടെ കർഷകർ തടിച്ച് കൂടി പ്രതിഷേധിച്ചു. വാർഡ് അംഗം ആർ. ശാലിനി, പാടശേഖരസമിതി കൺവീനർ പി.കെ. സെയ്തലവി, പ്രസിഡൻറ് എ.സി. ഗംഗാധരൻ, എ.എസ്. സിദ്ദീഖ്, പി.കെ. മുഹമ്മദലി, പി.എസ്. മോഹൻദാസ്, രവി, പി.കെ. രാജൻ, കനകലത എന്നിവർ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. നടപടി ഉണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പ് ഓഫിസുകൾക്ക് മുന്നിൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

