സമരപാരമ്പര്യത്തിന്റെ തോതി മൂപ്പൻ ഇനി ഓർമ
text_fieldsതോതി മൂപ്പൻ
അഗളി: അട്ടപ്പാടിയിൽ ആദിവാസികളുടെ ഭൂമിക്കായി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ തോതി മൂപ്പൻ ഇനി ഓർമ. 2007ൽ ഗൂളിക്കടവിൽ 150 ഏക്കർ ഭൂമിക്കുവേണ്ടിയുള്ള സമരം ജനശ്രദ്ധ നേടിയ പോരാട്ടമായിരുന്നു. കാതിൽ കല്ലുകടുക്കനും കൈയിൽ സ്റ്റീൽചെയിൻ വാച്ചും വെളുത്ത ഷർട്ടും മുണ്ടുമായി അധികൃതരോട് നിരന്തരം പോരാടിയ കർഷകപോരാളിയായിരുന്നു മൂപ്പൻ.
സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി ഗൂളിക്കടവ് മലവാരത്തുനിന്നും കൃഷിഭൂമിക്ക് പട്ടയമുണ്ടായിട്ടും ആദിവാസികളെ ആട്ടിയിറക്കിയതിനെതിരെ എതിർത്ത് സമരം തുടങ്ങി. ഇതിനെ തുടർന്ന് വനം വകുപ്പിന്റെയും സോഷ്യൽ ഫോറസ്റ്റ് തൈ നടുന്ന കരാറുകാരുടെയും മർദനമേറ്റ് അന്ന് മല്ലൻ എന്ന ആദിവാസി മരിക്കുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്തതായി മൂപ്പന്റെ ബന്ധുക്കൾ ഓർക്കുന്നു.
ഒടുവിൽ മൂപ്പന്റെ നേതൃത്വത്തിൽ കുടിലുകൾ കെട്ടി സമരമാരംഭിച്ചു. ഒരു ദിവസം പുലർച്ചെയോടെ കുടിലുകൾക്ക് തീയിടുകയും കൃഷി നശിപ്പിക്കുകയും ചെയ്തു. ആദിവാസികൾ ഇരുട്ടിൽ കുടിലുകൾ ഉപേക്ഷിച്ച് ഓടിപ്പോയി. ഇതോടെ തോതി മൂപ്പന്റെ നേതൃത്വത്തിൽ റോഡ് ഉപരോധവും സംഘടിപ്പിച്ചു.
അട്ടപ്പാടിയിലെ എല്ലാ വിഭാഗം ജനതയും ആദിവാസികൾക്കൊപ്പം അണിചേർന്നു. ആദിവാസി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കുടിലുകൾ വീണ്ടും കെട്ടി ആക്രമണങ്ങളെ വീണ്ടും ചെറുത്തു. കല്ലാച്ചി രവി, എം. സുകുമാരൻ അട്ടപ്പാടി, കെ. ശിവദാസൻ തുടങ്ങിയ നേതാക്കൾ തോതി മൂപ്പന്റെ നേതൃത്വത്തിൽ സമരം ചെയ്യുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
മൂപ്പന്റെ നേതൃത്വത്തിലുള്ള സമരത്തിന് മുന്നിൽ അധികാരികൾ തോൽവി സമ്മതിച്ചു. ആദിവാസികൾക്ക് ഭൂമി തിരിച്ചുകിട്ടിയതോടെ മൂപ്പന്റെ നേതൃത്വത്തിലുള്ള സമരം വിജയിച്ചു. വയനാട്ടിൽ തൊവരിമലയിലെ ആദിവാസി സമരക്കാർക്ക് പിന്തുണയുമായി അട്ടപ്പാടിയിൽനിന്നും മൂപ്പൻ സമരവേദിയിലെത്തിയിരുന്നു. ആദിവാസി വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തിയിരുന്ന മൂപ്പൻ ഇതോടെ ഓർമയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

