പാലക്കാട്-മാനന്തവാടി കെ.എസ്.ആർ.ടി.സി സർവിസ് മടക്കയാത്ര കോങ്ങാട് വഴിയാക്കണമെന്ന് ആവശ്യം ശക്തം
text_fieldsകോങ്ങാട്: ശനിയാഴ്ച പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് സർവിസ് ആരംഭിച്ച പാലക്കാട്-മാനന്തവാടി ടൗൺ ടു ടൗൺ ബസിന്റെ മടക്കയാത്രയും കോങ്ങാട് വഴിയാക്കണമെന്ന ആവശ്യം ശക്തമായി. നിലവിൽ രാവിലെ 8.10ന് പാലക്കാട്ടുനിന്ന് സർവിസ് ആരംഭിച്ച് രാവിലെ 8.45ന് കോങ്ങാട്ടെത്തുന്ന രീതിയിലാണ് സർവിസ്. തുടർന്ന് ചെർപ്പുളശ്ശേരി, പെരിന്തൽമണ്ണ, മഞ്ചേരി, അരീക്കോട്, താമരശ്ശേരി, കൽപ്പറ്റ വഴി ഉച്ചക്ക് 2.55ന് മാനന്തവാടിയിൽ എത്തും.
മാനന്തവാടിയിൽനിന്ന് തിരിച്ച് വൈകീട്ട് 4.10ന് യാത്ര തുടങ്ങി പടിഞ്ഞാറത്തറ, കൽപറ്റ, താമരശ്ശേരി, അരീക്കോട്, മഞ്ചേരി, പെരിന്തൽമണ്ണ, മണ്ണാർക്കാട് വഴി സർവിസ് നടത്തി രാത്രി 10.45ന് പാലക്കാട് എത്തുന്ന രീതിയിലാണ് റൂട്ട് ക്രമീകരിച്ചിട്ടുള്ളത്. ചെർപ്പുളശ്ശേരിയിൽനിന്ന് രാത്രി 7.55ന് ശേഷം നിലവിൽ ബസ് സർവിസില്ല. ഇതുകാരണം ചെർപ്പുളശ്ശേരി, വെള്ളിനഴി, അടക്കാപുത്തൂർ, തിരുവാഴിയോട്, കടമ്പഴിപ്പുറം, പെരിങ്ങോട്, കോങ്ങാട്, മുണ്ടൂർ പ്രദേശങ്ങളിലെ യാത്രക്കാർ ഏറെ പ്രയാസപ്പെടുകയാണ്.
ഒലവക്കോട് റെയിൽവെ സ്റ്റേഷനിലേക്കും മറ്റ് അത്യാവശ്യ യാത്രകൾക്ക് വൻതുക നൽകി വാടക വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ പാലക്കാട്-മാനന്തവാടി ടി.ടി ബസിന്റെ മടക്കയാത്രയും ചെർപ്പുളശ്ശേരി, കോങ്ങാട് വഴിയാക്കണമെന്നാണ് ജനകീയ ആവശ്യം. കടമ്പഴിപ്പുറം ജങ്ഷനിൽ നടന്ന ചടങ്ങിൽ പാലക്കാട്-മാനന്തവാടി കെ.എസ്.ആർ.ടി.സി ബസിന്റെ കന്നിയാത്ര അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

